ആറ്റുകാൽ യുവതി മരിച്ച സംഭവം; ഭർത്താവ് അതുൽ ചോദ്യംചെയ്യലിൽ, അറസ്റ്റിന് സാധ്യത

Jun 27, 2026 - 21:13
Jun 27, 2026 - 21:13
 0
ആറ്റുകാൽ യുവതി മരിച്ച സംഭവം; ഭർത്താവ് അതുൽ ചോദ്യംചെയ്യലിൽ, അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ പൊലീസ് നീക്കം. നിലവിൽ ഇയാളെ ചോദ്യംചെയ്യുകയാണ്. അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.

വർക്കല സ്വദേശിനി ആരതി (27)യാണ് മരിച്ചത്. ഇൻക്വസ്റ്റ് നടപടികളിൽ യുവതിയുടെ ശരീരത്തിൽ 13 പുതിയ മുറിവുകളും പഴയ മർദനത്തിന്റെ അടയാളങ്ങളും കണ്ടെത്തി. ഭർത്താവിന്റെ നിരന്തര പീഡനത്തെ തുടർന്നാണ് ആരതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഒന്നര വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹസമയത്ത് നൽകിയ 50 പവൻ സ്വർണം അതുൽ വിവിധ ഘട്ടങ്ങളിലായി പണയംവെക്കുകയും പിന്നീട് എട്ട് ലക്ഷം രൂപയ്ക്ക് വിറ്റ് കാർ വാങ്ങുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു. പണം ആവശ്യപ്പെട്ടും ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും, അതിന്റെ ദൃശ്യങ്ങൾ ആരതി അമ്മയ്ക്ക് അയച്ചുനൽകിയിരുന്നുവെന്നും കുടുംബം പറയുന്നു.

മരണത്തിന് തൊട്ടുമുമ്പ് രാത്രിയും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നാണ് വിവരം. തുടർന്ന് അമ്മയെ വിളിച്ച് വിവരം അറിയിച്ച ശേഷമാണ് ആരതി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow