സൗജന്യ ബസ് യാത്ര വെറുമൊരു 'സൗജന്യമല്ല'; സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള സുവർണ്ണാവസരം
സ്ത്രീകൾക്കായി സൗജന്യ ബസ് യാത്ര അനുവദിച്ചിട്ടുള്ള ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് ഇന്ന് കേരളം. സാധാരണയായി ഇത്തരം പദ്ധതികളെ വെറുമൊരു സൗജന്യമായി പലരും കാണാറുണ്ടെങ്കിലും, യഥാർത്ഥത്തിൽ ഇത് സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനും അവരെ ജോലിക്കും മറ്റുമായി പുറത്തേക്ക് പോകാൻ പ്രേരിപ്പിക്കാനുമുള്ള ഏറ്റവും പുരോഗമനപരമായ ചുവടുവെപ്പുകളില്‍ ഒന്നായിട്ടാണ് സർക്കാറുകൾ കാണുന്നത്. ഇന്ത്യ 2047-ഓടെ ഒരു വികസിത രാജ്യമായി മാറണമെങ്കിൽ കൂടുതൽ സ്ത്രീകൾ തൊഴിൽ രംഗത്തേക്ക് വരികയും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്യേണ്ടതുണ്ട്. നിലവിൽ ഇന്ത്യയിലെ 92 ശതമാനത്തിലധികം സ്ത്രീകളും വരുമാനമില്ലാത്ത വീട്ടുജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണെന്നാണ് 'ദി വീക്കി'ൽ എഴുതിയ ലേഖനത്തിൽ ബാലചന്ദ്ര വിശ്വാറാം വ്യക്തമാക്കുന്നത്. ഇതിനർത്ഥം അവർ എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും അതിൽ നിന്നും അവർക്ക് യാതൊരു വരുമാനവും ലഭിക്കുന്നില്ല എന്നാണ്.
അതേസമയം തന്നെ ലഭ്യമായ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയിലെ നാലിൽ ഒരാൾ മാത്രമാണ് സ്ത്രീ നിക്ഷേപകയായിട്ടുള്ളത്. അതായത് ഏകദേശം 3 മുതൽ 3.5 കോടി വരെ സ്ത്രീകൾ മാത്രമാണ് രാജ്യത്ത് സജീവമായി നിക്ഷേപം നടത്തുന്നത്. സ്ത്രീകൾക്ക് സ്വന്തമായി കൈകാര്യം ചെയ്യാൻ തക്കവണ്ണം നീക്കിവെക്കാൻ പണമില്ലാത്തതാണ് ഇതിന് പ്രധാന കാരണം. ആഹാരം, പലചരക്ക് സാധനങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കുടുംബ ആവശ്യങ്ങൾക്കായി സ്വന്തം കൈയിലെ പണം മുഴുവൻ അവർ യാതൊരു മടിയുമില്ലാതെ ചിലവഴിക്കുന്നു. ചുരുക്കത്തിൽ, സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും പ്രതിഫലം ലഭിക്കുന്നില്ല, അതോടൊപ്പം കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ കയ്യിലുള്ള തുക ചിലവഴിക്കുകയും ചെയ്യുന്നു. ഈ ഇരട്ടപ്രഹരമാണ് അവരെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ നിന്നും അകറ്റി നിർത്തുന്നത്.
ഈ സാഹചര്യത്തിലാണ് സ്ത്രീകളെ ഔദ്യോഗിക തൊഴിൽ മേഖലയിലേക്ക് ആകർഷിക്കേണ്ടതിന്റെ ആവശ്യകത വരുന്നത്. അവർ ആഗ്രഹിക്കുന്ന ജോലി എപ്പോഴും വീടിനടുത്താകണമെന്നില്ല. ജോലിസ്ഥലത്ത് എത്താൻ പൊതുഗതാഗതത്തെ ആശ്രയിക്കേണ്ടി വരുമ്പോൾ, ആ യാത്രാച്ചിലവ് അവരുടെ ആകെ സമ്പാദ്യത്തെ ബാധിക്കും. ശരാശരി ഒരാൾക്ക് ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യാൻ മാത്രം പ്രതിമാസം 1,000 രൂപ മുതൽ 4,000 രൂപ വരെ ചിലവ് വരുന്നുണ്ട്. ഇന്ധനവില വർദ്ധിക്കുന്നതിനനുസരിച്ച് ഈ ചിലവ് വർഷം തോറും കൂടുകയും ചെയ്യും.
ഇവിടെയാണ് സർക്കാർ പ്രഖ്യാപിച്ച സൗജന്യ സ്ത്രീയാത്രാ പദ്ധതി ഒരു വലിയ മാറ്റം കൊണ്ടുവരുന്നത്. യാത്രയ്ക്കായി ചിലവാകുമായിരുന്ന ഈ തുക കൃത്യമായി മാറ്റി നിക്ഷേപിച്ചാൽ വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാൻ സ്ത്രീകൾക്ക് സാധിക്കും. സൗജന്യയാത്രയിലൂടെ സ്ത്രീകള്‍ക്ക് യാത്രാച്ചിലവിലുണ്ടാകുന്ന ലാഭം ഏറ്റവും കുറഞ്ഞ നിരക്കായ 1000 രൂപ എന്ന് കണക്കാക്കാം. അതായത് 25 ദിവസത്തെ ജോലിക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള 40 രൂപ യാത്രാ ചെലവ്. ദീർഘദൂര യാത്രയാണെങ്കില്‍ ലാഭം അതിലേറെയായിരിക്കും.
സൗജന്യ യാത്ര ലഭിക്കുന്ന ഒരു വ്യക്തി ശരാശരി 20 വർഷം ജോലി ചെയ്യുന്നു എന്ന് കരുതുക. മ്യൂച്വൽ ഫണ്ട് എസ്‌ഐപി കാൽക്കുലേറ്റർ പ്രകാരം (ശരാശരി 12% വാർഷിക വരുമാനം കണക്കാക്കിയാൽ), പ്രതിമാസം ലാഭിക്കുന്ന ഈ 1,000 രൂപ വീതം 20 വർഷത്തേക്ക് നിക്ഷേപിച്ചാൽ അത് ഏകദേശം 9.99 ലക്ഷം രൂപയുടെ (ഏകദേശം 10 ലക്ഷം രൂപ) വലിയൊരു കുടുംബ സമ്പാദ്യമായി മാറും. വിപണിയിലെ റിസ്കുകൾ എടുക്കാൻ താല്പര്യമില്ലാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും സുരക്ഷിതമായ കേന്ദ്ര സർക്കാർ നിക്ഷേപ മാർഗ്ഗമാണ് പോസ്റ്റ് ഓഫീസ് ആർഡി. നിലവിലെ പലിശ നിരക്കിൽ (ഏകദേശം 6.7%) മാസം 1,000 രൂപ വീതം ഇതിലേക്ക് മാറ്റിവെച്ച്, 5 വർഷം കാലാവധിയുള്ള ഈ സ്കീം കൃത്യമായ ഇടവേളകളിൽ പുതുക്കി 20 വർഷത്തെ ദീർഘകാലയളവിലേക്ക് കൊണ്ടുപോയാല്‍ ഏകദേശം 4.9 ലക്ഷം രൂപ (ഏകദേശം 5 ലക്ഷം രൂപ) സുരക്ഷിതമായി സ്വന്തമാക്കാൻ സാധിക്കും.
സൗജന്യ ബസ് ടിക്കറ്റ് വഴി നിങ്ങൾക്ക് ലാഭിക്കാൻ കഴിയുന്ന പണം വെറുതെ ചിലവാക്കി കളയാതെ, അത് കൃത്യമായി നിക്ഷേപിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ഇവിടെ ചെയ്യേണ്ടത്. കോമ്പൗണ്ടിംഗിന്റെ ശക്തിയിലൂടെ ചെറിയ തുകകൾ പോലും കാലക്രമേണ വലിയൊരു നിധിയായി മാറും. എന്നാൽ ഇതിനെ വെറുമൊരു സൗജന്യ യാത്രയായി മാത്രം കണ്ട് ലാഭിക്കുന്ന പണം മറ്റ് അനാവശ്യ കാര്യങ്ങൾക്ക് ചിലവഴിച്ചാൽ ഈ വലിയ നിക്ഷേപ അവസരമാണ് നിങ്ങൾക്ക് പൂർണ്ണമായും നഷ്ടമാകുന്നത്.
What's Your Reaction?



