ചവനപ്പുഴയിൽ യുവതി കിണറ്റിൽ ചാടി മരിച്ചു: ഒപ്പം ചാടിയ അമ്മയെ ഒൻപത് മണിക്കൂറുകൾക്ക് ശേഷം ജീവനോടെ രക്ഷപ്പെടുത്തി

Jul 3, 2026 - 00:52
Jul 3, 2026 - 00:53
 0
ചവനപ്പുഴയിൽ യുവതി കിണറ്റിൽ ചാടി മരിച്ചു: ഒപ്പം ചാടിയ അമ്മയെ ഒൻപത് മണിക്കൂറുകൾക്ക് ശേഷം ജീവനോടെ രക്ഷപ്പെടുത്തി

കണ്ണൂർ: കുറുമാത്തൂർ ചവനപ്പുഴയിൽ നാടിനെ നടുക്കിയ ദുരന്തം. കിണറ്റിൽ ചാടി യുവതി ജീവനൊടുക്കിയപ്പോൾ, മകളെ രക്ഷിക്കാൻ പിന്നാലെ ചാടിയ അമ്മയെ ഒൻപത് മണിക്കൂറുകൾക്ക് ശേഷം ജീവനോടെ പുറത്തെടുത്തു. കര്യാപ്പത്ത് ചിത്രലേഖ (38) ആണ് മരണപ്പെട്ടത്. ഒപ്പം കിണറ്റിൽ അകപ്പെട്ട അമ്മ ലക്ഷ്മിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്ന ചിത്രലേഖ മുൻപും പലതവണ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. പുലർച്ചെ അഞ്ചരയോടെയാണ് ചിത്രലേഖ കിണറ്റിൽ ചാടിയത്. ഇതുകണ്ട് മകളെ രക്ഷപ്പെടുത്താനായി അമ്മ ലക്ഷ്മിയും പിന്നാലെ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയിൽ ചിത്രലേഖ മരണപ്പെട്ടെങ്കിലും, അമ്മ ലക്ഷ്മി കിണറ്റിലെ കയറിൽ പിടിച്ച് കിടക്കുകയായിരുന്നു. പുലർച്ചെ മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ, നീണ്ട ഒൻപത് മണിക്കൂറോളമാണ് ഈ എഴുപതുകാരി മരണത്തോട് പൊരുതി കയറിൽ തൂങ്ങിക്കിടന്നത്.

രാവിലെ മുതൽ ബന്ധുക്കളും അയൽക്കാരും ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബന്ധുക്കൾ നേരിട്ടെത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ചിത്രലേഖയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow