സൂര്യ–മമിത ബൈജു ആദ്യമായി ഒന്നിക്കുന്നു; 'വിശ്വനാഥൻ ആൻഡ് സൺസ്' ഓഗസ്റ്റ് 14ന്
സൂര്യയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന 'വിശ്വനാഥൻ ആൻഡ് സൺസ്' ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തും. പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് ന്യൂ സൂര്യ ഫിലിംസാണ്.
'വിജയ് സൂപ്പറും പൗർണ്ണമിയും'യ്ക്ക് ശേഷം ന്യൂ സൂര്യ ഫിലിംസ് കേരളത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്കർ' എന്ന വിജയചിത്രത്തിന് ശേഷമുള്ള വെങ്കി അറ്റ്ലൂരിയുടെ പുതിയ സംവിധാന സംരംഭം കൂടിയാണിത്.
'കറുപ്പ്' എന്ന ചിത്രത്തിന് ശേഷം സൂര്യ അഭിനയിക്കുന്ന സിനിമയെന്ന നിലയിലും, 'പ്രേമലു'വിലൂടെ ശ്രദ്ധേയയായ മമിത ബൈജു നായികയാകുന്നതുമൂലം ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ലഭിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തുന്ന 'പട്ടാമ്പൂച്ചി' എന്ന പ്രൊമോ ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ദേശീയ പുരസ്‌കാര ജേതാവായ ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.
സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായ 'വിശ്വനാഥൻ ആൻഡ് സൺസ്' സിതാര എന്റർടെയ്ൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു. സൂര്യദേവര നാഗ വംശിയും സായി സൗജന്യയും ചേർന്നാണ് നിർമ്മാണം.
രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളാണ്.
What's Your Reaction?



