റീ- റിലീസിങ്ങിനൊരുങ്ങി ജോഷി, മോഹൻലാൽ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം "റൺ ബേബി റൺ". നവംബർ ഏഴിനാണ് ചിത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഗാലക്സി ഫിലിംസിനു വേണ്ടി മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രം, റോഷിക എന്റർപ്രൈസസാണ്,4 K ഡോൾബി അറ്റ് മോസിൽ തീയേറ്ററിൽ എത്തിക്കുന്നത്.
റോയിട്ടേഴ്സ് വേണു എന്ന കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിച്ചത്. അമലാപോൾ ആണ് നായിക. തരീഷ് വേഗ ചിട്ടപ്പെടുത്തിയ സംഗീതത്തിൽ മോഹൻലാൽ ഈ ചിത്രത്തിനു വേണ്ടി പാടിയ, ആറ്റുമണൽപ്പായയിൽ എന്ന ഗാനവും പ്രേഷകർ ഏറ്റെടുത്തു.
ഒരിക്കൽ പ്രണയിനികളായിരുന്ന ക്യാമറാമാൻ വേണുവും (മോഹൻലാൽ ) ന്യൂസ് എഡിറ്റർ രേണുവും (അമല പോൾ )വിവാഹത്തിന്റെ വക്കിലെത്തിയപ്പോൾ തെറ്റിപ്പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം അവർ ഒന്നിക്കുന്നു. ഭരതൻ പിള്ള എന്ന രാഷ്ട്രീയക്കാരനും (സായികുമാർ) രാജൻ കർത്ത എന്ന വ്യവസായിയും (സിദ്ദിഖ്) അവർക്ക് കുരുക്കുകളുമായി കാത്തിരുന്നു. തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു.
സച്ചിയുടെ മികച്ച തിരക്കഥ ചിത്രത്തെ ശ്രദ്ധേയമാക്കി. കാക്ക കാക്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ക്യാമറാമാൻ, ആർ.ഡി. ശേഖർ ആണ് ചിത്രത്തിന്റെ ക്യാമറാമാൻ. എഡിറ്റർ ശ്യാം ശശീധരൻ. മോഹൻലാൽ, അമല പോൾ, ബിജു മേനോൻ, സിദ്ധിഖ്, സായികുമാർ, വിജയരാഘവൻ, ഷമ്മി തിലകൻ തുടങ്ങി വൻ താര നിര ചിത്രത്തിൽ അഭിനയിക്കുന്നു.