കല്യാട്: കണ്ണൂരിൽ 30 പവന്‍ സ്വര്‍ണം മോഷണം പോയ വീട്ടിലെ മരുമകളെ കര്‍ണാടകയിലെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കണ്ണൂർ കല്യാട്ടേ സുമലതയുടെ വീട്ടിൽനിന്ന് 30 പവന്റെ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയും കാണാതായത്.
ഇതിനു പിന്നാലെയാണ് കല്യാട് ചുങ്കസ്ഥാനം സ്വദേശി സുഭാഷിന്റെ ഭാര്യ ദര്‍ശിത(22)യെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കർണാടകയിലെ ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ ദർഷിതയുടെ ഒപ്പമുണ്ടായിരുന്ന സിദ്ധരാജുവിനെ (22) പോലീസ് അറസ്റ്റ് ചെയ്തു.
കല്യാട് മോഷണം നടന്ന വീട്ടില്‍ നിന്ന് അന്നേദിവസം ദര്‍ശിത മകളെയും കൂട്ടി കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്കാണ് പോയത്. തുടർന്ന് മകളെ വീട്ടിലാക്കി യുവതി സുഹൃത്തിനൊപ്പം സാലിഗ്രാമത്തിലേക്ക് പോവുകയായിരുന്നു.
ദര്‍ശിതയെ യുവാവ് അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദർഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോഗിച്ചതെന്നാണ് സൂചന.
ലോഡ്ജിൽ വച്ച് വാക്കുതർക്കമുണ്ടായതിനു പിന്നാലെയാണ് സിദ്ധരാജു യുവതിയുടെ വായിൽ ഇലക്‌ട്രിക് ഡിറ്റണേറ്റർ വച്ച് പൊട്ടിച്ചത്. യുവതിയുടെ മുഖവും ഇടിച്ചു ചതച്ചിട്ടുണ്ട്. ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാനായിരുന്നു ശ്രമം.