വയനാട് മെഡിക്കൽ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ച് ആരംഭിച്ചു

അമ്പുകുത്തിയിലെ 28 ഏക്കറിൽ മെഡിക്കൽ കോളേജ് ക്യാമ്പസ് ഒരുങ്ങുമെന്ന് മന്ത്രി വീണാ ജോർജ്

Oct 18, 2025 - 10:17
Oct 18, 2025 - 10:17
 0
വയനാട് മെഡിക്കൽ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ച് ആരംഭിച്ചു
വയനാട്: വയനാട് മെഡിക്കൽ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഒരു നാടിൻ്റെ ആഘോഷമാക്കി ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്  ഉദ്ഘാടനം ചെയ്തു. മാനന്തവാടി- അമ്പുകുത്തിയിൽ 28 ഏക്കറിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള മെഡിക്കൽ കോളേജ്  ക്യാമ്പസ് ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസത്തിനായി സംസ്ഥാനത്ത്  തന്നെ  സൗകര്യങ്ങളൊരുക്കുകയെന്നത് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജുകളുള്ള സംസ്ഥാനമായി കേരളം. എല്ലാ ജില്ലകളിലും ഗവ. നഴ്സിങ് കോളേജുകളെന്ന ലക്ഷ്യവും കൈവരിച്ചു. വയനാട് മെഡിക്കൽ കോളജിൽ 15 സൂപ്പർ സ്പെഷ്യാലിറ്റി തസ്തികകൾ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
 
എം.ബി.ബി.എസ് ആദ്യവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉൾപ്പെടെ 140 തസ്തികകൾ സൃഷ്ടിച്ചു. നബാർഡിന്റെ സഹായത്തോടെ 45 കോടി ചെലവിൽ മൾട്ടി പർപസ് ബ്ലോക്ക്, സ്റ്റേറ്റ് പ്ലാൻ ഫണ്ട് വിനിയോഗിച്ച് 8.23 കോടി ചെലവിൽ  കാത്ത് ലാബ്,  ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകളും ആശുപത്രിയിൽ ആരംഭിച്ചു.  എൻ.എച്ച്.എം ഫണ്ടിൽ നിന്ന് 2.30 കോടി വിനിയോഗിച്ച് ആധുനിക മോർച്ചറി കോംപ്ലക്സ് സാധ്യമാക്കും.
ഹഡ്കോയുടെ 70 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് വിനിയോഗിച്ച് സ്കിൽലാബ് സാധ്യമാക്കി. എംഎൽഎ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ വിനിയോഗിച്ച് പവർ ലോൺട്രി, 20.61 ലക്ഷം രൂപയുടെ എൻ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് ഓക്സിജൻ ജനറേറ്റർ പ്ലാന്റ് എന്നിവയും പൂർത്തിയാക്കി. ലക്ഷ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ലേബർ റൂം സ്റ്റാൻ്റേഡൈസേഷൻ നടപ്പാക്കി. ശാക്തീകരണത്തിനായി 34.71 ലക്ഷം രൂപയുടെ എൻ.എച്ച്.എം ഫണ്ട് വകയിരുത്തി. ഇ.സി.ആർ.പി.യിൽ ഉൾപ്പെടുത്തി പീഡിയാട്രിക് ഐ.സി.യു സജ്ജീകരിച്ചു.
 
എൻ.എച്ച്.എം ഫണ്ട് 45 ലക്ഷം ഉപയോഗിച്ച് പീഡിയാട്രിക് ഐ.സി.യു പ്രവർത്തിക്കുന്നതിനാവശ്യമായ 250 കെ.വി.എ ജനറേറ്റർ സ്ഥാപിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്കിൾ സെൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചത് ജില്ലയിലെ സിക്കിൾ സെൽ രോഗികൾക്ക് ആശ്വാസമായി. ജില്ലയിൽ ആദ്യമായി അരിവാൾകോശ രോഗിയിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.
 
മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളുമായി ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് സംവദിച്ചു. വിദ്യാർത്ഥികൾ അവരുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും മന്ത്രിയുമായി ചർച്ച ചെയ്തു. ആവശ്യങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
 
വയനാട് ജില്ലയെ സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച പട്ടികജാതി- പട്ടിക വർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതരായ കുടുംബങ്ങൾക്കായി പുനരാധിവാസ ടൗൺഷിപ്പ്  അതി വേഗം പുരോഗമിക്കുകയാണ്. തുരങ്കപാത നിർമ്മാണം,  പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, തുടങ്ങി അടിസ്ഥാന മേഖല ശക്തിപ്പെടുത്തുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. അതിന്റെ മാറ്റങ്ങൾ ജില്ലയിലും കാണാൻ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
 
മെഡിക്കൽ കോളേജ്  പരിസരത്ത് നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ,  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി വിശ്വനാഥൻ,  മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി.കെ രത്‌നവല്ലി, അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻദാസ്, ഡി.പി.എം ഡോ. സമീഹ സൈതലവി,  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. ചാന്ദിനി, സൂപ്രണ്ട് കെ.എം സച്ചിൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, ആശുപത്രി ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
 
ഇരട്ടി മധുരമായി എം.ബി.ബി.എസ് ആദ്യ ബാച്ചിൽ മൂന്ന് വയനാട്ടുകാർ
വയനാട് ഗവ മെഡിക്കൽ കോളജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചിൽ മൂന്ന് വയനാട്ടുകാർക്ക് പ്രവേശനം ലഭിച്ചത് ജില്ലയ്ക്ക് ഇരട്ടി മധുരമായി. മൂന്നു പേരിൽ ഒരാൾ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയാണ്. മാനന്തവാടി സ്വദേശിനിയായ അഖില വിനോദ്, ബത്തേരി സ്വദേശി നിദ ഫാത്തിമ, മീനങ്ങാടി സ്വദേശി നന്ദ കിഷോർ എന്നിവരാണ് ആദ്യ ബാച്ചിൽ പ്രവേശനം നേടിയ വയനാട്ടുകാർ. പ്രഥമ എം.ബി.ബി.എസ് ബാച്ചിൽ  17 ആൺകുട്ടികളും 24 പെൺകുട്ടികളുമാണ് ഇതുവരെ പ്രവേശനം നേടിയത്. പ്രവേശന നടപടികൾ നിലവിൽ തുടരുകയാണ്. ഒക്ടോബർ മൂന്നിന്  കോളേജിൽ ഓൺലൈനായി ക്ലാസുകൾ ആരംഭിച്ചിരുന്നു. ദേശീയ മെഡിക്കൽ കമ്മീഷന്റെയും കേരള ആരോഗ്യ സർവ്വകലാശാലയുടെയും നിർദേശ പ്രകാരം വിദ്യാർത്ഥികൾക്ക് ഒക്ടോബർ 14 വരെ ഫൗണ്ടേഷൻ കോഴ്സ് നൽകി.   50 എം.ബി.ബി.എസ് സീറ്റുകൾക്കാണ് മെഡിക്കൽ കോളെജിൽ അനുമതി ലഭിച്ചത്.  ഏഴ് സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും 43 സീറ്റുകൾ കേരള ലിസ്റ്റിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുമാണ്. മൾട്ടി പർപസ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് ക്ലാസുകൾ സജ്ജീകരിച്ചിട്ടുള്ളത്. കെട്ടിടത്തിലെ ഒന്ന്, നാല്, ആറ് നിലകൾ കോളജിനായി പ്രയോജനപ്പെടുത്തും. ലാബ് സൗകര്യങ്ങൾ  നാലാം നിലയിലും ഒരുക്കിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow