ഖത്തറിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നു; പുലർച്ചെ പൊതുജനങ്ങൾക്ക് അടിയന്തര സന്ദേശം
പൊതുജന സുരക്ഷ കണക്കിലെടുത്താണ് ഖത്തറിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്
ദോഹ/ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖത്തറിലെ ചില പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ മാറ്റിപ്പാർപ്പിക്കുന്നു. അതേസമയം, ഒമാനിലെ സോഹാറിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
പൊതുജന സുരക്ഷ കണക്കിലെടുത്താണ് ഖത്തറിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഒമാനിലെ വ്യാവസായിക മേഖലയിലുണ്ടായ ആക്രമണം പ്രവാസി സമൂഹത്തെ വലിയ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.
ഇറാന്റെ ആക്രമണം ശക്തമായ പശ്ചാത്തലത്തിൽ ചില മേഖലകളിൽ നിന്നാണ് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. ഇതിനായി നാഷണൽ അലർട്ട് സിസ്റ്റം വഴി മന്ത്രാലയം സന്ദേശങ്ങൾ അയക്കുന്നുണ്ട്.
സുരക്ഷിതമായ താമസസൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങൾക്ക് മാത്രം പൊതുജനങ്ങൾ മുൻഗണന നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം കരയിൽ വെച്ച് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. മസ്‌കറ്റിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ അവഹി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഡ്രോണുകൾ പതിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ 11 പേരിൽ 10 പേരും ഇന്ത്യക്കാരാണ്. ഇതിൽ അഞ്ച് പേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളുമായി കേന്ദ്ര സർക്കാർ ബന്ധപ്പെട്ടുവരികയാണ്. പശ്ചിമേഷ്യയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
What's Your Reaction?