അടുക്കളയില്‍ ഇനി തീ പാറും ;എറണാകുളത്തും തൃശ്ശൂരിലും വന്‍ തിരക്ക്
മൂവാറ്റുപുഴ ∙ പാചകവാതക സിലിണ്ടർ ക്ഷാമം നേരിടുന്ന അടുക്കളയിൽ ഇനി 'റോക്കറ്റും ബുള്ളറ്റും' തീ പാറിക്കും. പേര് കേട്ടു പേടിക്കേണ്ടതില്ല. സംഗതി വിറക് അടുപ്പാണ്. പക്ഷേ പെർഫോമൻസ് 'വേറെ ലെവൽ'. വാണിജ്യ സിലിണ്ടറുകൾ കിട്ടാക്കനിയായതോടെ ഹോട്ടലുടമകൾ പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഈ പ്രതിസന്ധിയെ കാറ്റിൽ പറത്തിയാണ് റോക്കറ്റ് അടുപ്പുകളുടെ വരവ്. സാധാരണ വിറക് അടുപ്പിനേക്കാൾ 40% മുതൽ 60% വരെ വിറക് ലാഭിക്കാം. ചിരട്ടയോ ഉണങ്ങിയ ഇലകളോ ഉണ്ടെങ്കിൽ പോലും സംഗതി ഉഷാർ. 'L' ആകൃതിയിലുള്ള രൂപകൽപന ആയതിനാൽ തീ ജ്വാലകൾ നേരെ പാത്രത്തിന്റെ അടിയിലേക്ക് കുതിക്കും. പേര് പോലെ തന്നെ പാചകം റോക്കറ്റ് വേഗത്തിൽ നടക്കും. ഇന്ധനം പൂർണമായി കത്തുന്നതിനാൽ അടുക്കളയിൽ പുകയുടെ ശല്യമില്ല.
റോക്കറ്റിന്റെ അൽപം കൂടി പരിഷ്കരിച്ച രൂപമാണ് ബുള്ളറ്റ് അടുപ്പുകൾ. കണ്ടാൽ ചെറിയ സിലിണ്ടർ പോലിരിക്കും. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഇലക്ട്രിക് ബ്ലോവർ വായുവിനെ ആഞ്ഞു തള്ളുന്നതോടെ തീയുടെ കടുപ്പം കൂടും. വെറും ഒരു കിലോഗ്രാം വിറകോ ചിരട്ടയോ ഉണ്ടെങ്കിൽ ഒന്നൊന്നര മണിക്കൂർ വരെ പാചകം തുടരാം. ഗ്യാസ് അടുപ്പിനെക്കാൾ വേഗത്തിൽ വെള്ളം തിളപ്പിക്കാം എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.
What's Your Reaction?