ക്ഷേത്രദർശനത്തിനിടെ ദുരന്തം; കുരങ്ങുകൾ കൂട്ടത്തോടെ വന്നപ്പോൾ ഭയന്നോടിയ നവവധു മലമുകളിൽ നിന്ന് വീണ് മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ക്ഷേത്ര ദർശനത്തിനെത്തിയ നവവധു മലമുകളിൽ നിന്ന് വീണ് മരിച്ചു. സൗത്ത് തിട്ടങ്കുളം സ്വദേശിനിയായ അനിത (24) ആണ് ദാരുണമായി മരണപ്പെട്ടത്. കഴുഗുമലൈ കഴുഗസാലമൂർത്തി ക്ഷേത്രത്തിന് മുകളിലുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഭർത്താവ് സുരേഷിനൊപ്പം ക്ഷേത്രത്തിലെത്തിയ അനിത, അവിടെയുണ്ടായിരുന്ന കുരങ്ങുകൾക്ക് പഴം നൽകിയതാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.
പഴം കൊടുക്കുന്നത് കണ്ട് മറ്റ് കുരങ്ങുകൾ കൂടി കൂട്ടത്തോടെ ഇവരുടെ അടുത്തേക്ക് പാഞ്ഞടുത്തു. ഇത് കണ്ട് ഭയന്നോടിയ അനിതയ്ക്ക് പാറക്കെട്ടിൽ അടിതെറ്റുകയും നൂറടിയോളം താഴ്ചയിലേക്ക് വീഴുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ യുവതി മരണപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസമായിരുന്നു വിദേശത്ത് ജോലിയുള്ള സുരേഷും അനിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വന്യമൃഗങ്ങൾക്കും കുരങ്ങുകൾക്കും ഭക്ഷണം നൽകരുതെന്ന് ക്ഷേത്രപരിസരത്ത് കർശന നിർദ്ദേശമുണ്ടായിരുന്നിട്ടും ഭക്തർ ഇത് അവഗണിക്കുന്നതാണ് ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് ക്ഷേത്രഭാരവാഹികൾ വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കഴുഗുമലൈ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?

