ലോകകപ്പിൽ അത്ഭുതം കാട്ടി കുഞ്ഞൻ രാജ്യം; കേപ് വെർദെ നോക്കൗട്ടിൽ, മുൻ ചാമ്പ്യന്മാരായ യുറുഗ്വായ് പുറത്ത്
ലോകകപ്പ് ഫുട്ബോളിൽ ചരിത്രക്കുതിപ്പുമായി ആഫ്രിക്കൻ കുഞ്ഞൻമാരായ കേപ് വെർദെ. കന്നി ലോകകപ്പിനെത്തിയ ടീം ഗ്രൂപ്പ് ഘട്ടത്തിലെ വമ്പൻമാരെ അട്ടിമറിച്ച് നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിലേക്ക് യോഗ്യത നേടി കായികലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഗ്രൂപ്പ് എച്ചിലെ തങ്ങളുടെ അവസാന നിർണായക മത്സരത്തിൽ ഏഷ്യൻ കരുത്തരായ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് കേപ് വെർദെ ഈ സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. കളിച്ച മൂന്ന് മത്സരങ്ങളിലും സമനില വഴങ്ങി മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ സ്പെയിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ആഫ്രിക്കൻ രാജ്യത്തിന്റെ മുന്നേറ്റം.
അതേസമയം, ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മുൻ ചാമ്പ്യന്മാരായ യുറുഗ്വായ് പ്രീക്വാർട്ടർ കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഗ്രൂപ്പിലെ നിർണായക പോരാട്ടത്തിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതാണ് ലാറ്റിനമേരിക്കൻ വമ്പന്മാർക്ക് തിരിച്ചടിയായത്. സ്പെയിനോട് തോൽക്കുകയും കേപ് വെർദെ, സൗദി അറേബ്യ എന്നിവരോട് സമനില വഴങ്ങുകയും ചെയ്ത യുറുഗ്വായ്ക്ക് വെറും രണ്ട് പോയിന്റ് മാത്രമാണ് നേടാനായത്. മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ കയറാനുള്ള യുറുഗ്വായുടെ പ്രതീക്ഷകളും ഇതോടെ അസ്തമിച്ചു. മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ സ്പെയിൻ ഗ്രൂപ്പ് ജേതാക്കളായി അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.
What's Your Reaction?



