കാസർകോട് പീഡനക്കേസ്: പെൺകുട്ടിയെ അമ്മയുടെ സുഹൃത്തായ യുവതിയും പീഡിപ്പിച്ചതായി മൊഴി; പ്രതി ഒളിവിൽ
കാസർകോട് മേൽപ്പറമ്പിൽ പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തിൽ അതിക്രൂരവും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ പുറത്ത്.
കേസിൽ പ്രതിയായ ഇരുപത്തിയഞ്ചുകാരി സ്നേഹ മെർലിൻ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി.
കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷത്തോളം ഇവരുടെ വീട്ടിൽ ഒപ്പം താമസിച്ചിരുന്നു. ഈ കാലയളവിലാണ് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്.
അമ്മ വീട്ടിലുള്ള സമയങ്ങളിൽ പോലും സ്നേഹ തന്നെ പീഡിപ്പിച്ചിരുന്നതായി അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്. ലഹരിവിൽപ്പന കേസിൽ പ്രതിയായ പെൺകുട്ടിയുടെ അമ്മയും, മറ്റൊരു പോക്സോ കേസിൽ പ്രതിയായിരുന്ന സ്നേഹയും കണ്ണൂരിലെ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നത്. ജയിൽ മോചിതയായ ശേഷമാണ് സ്നേഹ ഇവരുടെ വീട്ടിലേക്ക് താമസിക്കാനെത്തിയത്.
ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അച്ഛൻ നിലവിൽ പോക്സോ നിയമപ്രകാരം ജയിലിലാണ്.
പീഡനവിവരം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചതിന് പെൺകുട്ടിയുടെ അമ്മയെയും ഈ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
അച്ഛൻ പ്രതിയായ കേസിനെ തുടർന്ന് പെൺകുട്ടിയെ നീലേശ്വരത്തെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് നടത്തിയ പ്രൊഫഷണൽ കൗൺസിലിങ്ങിനിടെയാണ്, അച്ഛന് പുറമെ അമ്മയുടെ സുഹൃത്തായ സ്നേഹയും തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം കുട്ടി തുറന്നുപറഞ്ഞത്.
നേരത്തെ കണ്ണൂരിൽ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച കേസുകളിലും സ്നേഹ പ്രതിയാണ്. ഇതിലൊരു കേസിലെ ശിക്ഷാകാലയളവിലാണ് ഇവർ ജയിലിൽ കഴിഞ്ഞിരുന്നത്. നിലവിൽ ഒളിവിൽ പോയ സ്നേഹയ്ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
What's Your Reaction?



