അസമിൽ വ്യോമസേന വിമാനം തകർന്നു വീണു; പൈലറ്റുമാർ സുരക്ഷിതരെന്ന് റിപ്പോർട്ട്
അസമിലെ ജോർഹട്ടിലുള്ള റോറിയ എയർഫോഴ്‌സ് സ്റ്റേഷനിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്‌പോർട്ട് വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണു. റൺവേയിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിച്ചതായാണ് പ്രാഥമിക വിവരങ്ങൾ. പൈലറ്റിന് ജീവഹാനി സംഭവിച്ചതായി ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ആദ്യഘട്ടത്തിൽ പുറത്തുവന്നെങ്കിലും, വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റും സുരക്ഷിതരാണെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. ഇവരുടെ പേരുവിവരങ്ങൾ വ്യോമസേന ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക താവളങ്ങളിലൊന്നായ റോറിയ എയർബേസിന്റെ പരിസരത്താണ് അപകടമുണ്ടായത്. ചരക്കുവിമാനം തകർന്നുവീണ വാർത്ത സ്ഥിരീകരിച്ച വ്യോമസേന, എമർജൻസി റെസ്ക്യൂ ടീം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും വ്യക്തമാക്കി. എന്നാൽ അപകടത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
അപ്പർ അസമിൽ മാസങ്ങൾക്ക് മുൻപ് ഒരു സുഖോയ്-30 MKI യുദ്ധവിമാനം തകർന്നുവീണിരുന്നു. ജോർഹട്ട് എയർബേസിൽ നിന്നും ഏകദേശം 60 കിലോമീറ്റർ മാത്രം അകലെയുള്ള കാർബി ആങ്‌ലോങ് ജില്ലയിലെ ബോകജാൻ സബ്ഡിവിഷനിലുള്ള ഇങ്‌ലോങ് ഇകോപ്പി ഹില്ലിലായിരുന്നു ആ അപകടം. അതിനു പിന്നാലെയാണ് ഇപ്പോൾ വ്യോമസേനയെ ആശങ്കയിലാഴ്ത്തി വീണ്ടുമൊരു വിമാനാപകടം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
What's Your Reaction?



