ഫൈനലിസിമയ്ക്ക് കളമൊരുങ്ങുന്നു; നവംബറില്‍ അര്‍ജന്റീനയും സ്‌പെയിനും നേര്‍ക്കു
യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനും കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്റീനയും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം ഈ വര്‍ഷം നവംബറില്‍ അരങ്ങേറാനിടയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖത്തറിലെ ലോകപ്രശസ്തമായ ലുസൈല്‍ സ്റ്റേഡിയമാണ് മത്സരവേദിയായി പരിഗണിക്കുന്നതെന്നാണ് സൂചന.
ആദ്യഘട്ടത്തില്‍ 2026 മാര്‍ച്ചില്‍ മത്സരം നടത്താനായിരുന്നു ആലോചന. എന്നാല്‍ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ആ പദ്ധതി മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഫിഫയും യുവേഫയും കോണ്‍മെബോളും ചേര്‍ന്ന് മത്സരം നവംബറില്‍ നടത്താനുള്ള സാധ്യതകള്‍ വീണ്ടും സജീവമായി പരിശോധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫുട്ബോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പോരാട്ടത്തിന് മറ്റൊരു പ്രത്യേകതയും ഉണ്ട്. അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരങ്ങളിലൊന്നായി ഫൈനലിസിമ മാറാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ ഈ മത്സരത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്.
2022 ലോകകപ്പ് ഫൈനലിന് വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് മത്സരം നടത്താനുള്ള ആലോചന. 2022-ല്‍ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന അവസാന ഫൈനലിസിമയില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അര്‍ജന്റീന കിരീടം സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ പോരാട്ടം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍, ലോക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരിക്കും അത്.
What's Your Reaction?



