മരണത്തിലും മഹാദാനം; കൊല്ലം കൗണ്‍സിലര്‍ ബി അജിത് കുമാറിന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവന്‍

Jul 22, 2026 - 15:14
Jul 22, 2026 - 15:15
 0
മരണത്തിലും മഹാദാനം; കൊല്ലം കൗണ്‍സിലര്‍ ബി അജിത് കുമാറിന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവന്‍

കൊല്ലം: മരണത്തിന് ശേഷവും മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ മാതൃകയായി മാറി കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറും കായിക-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ബി അജിത് കുമാര്‍. മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചതോടെ അഞ്ച് രോഗികള്‍ക്കാണ് പുതുജീവിതത്തിനുള്ള പ്രതീക്ഷ ലഭിക്കുന്നത്.

കുരീപ്പുഴ കോനവെട്ടത്ത് സ്വദേശിയും കൊല്ലം കോര്‍പ്പറേഷന്റെ ഡിവിഷന്‍ 7 കൗണ്‍സിലറുമായ അജിത് കുമാറിന് ജൂലൈ 19-ന് സ്‌ട്രോക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1 മണിയോടെ ഡോക്ടര്‍മാര്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.

തുടര്‍ന്ന് സഹോദരങ്ങളായ സുരേഷ് കുമാറും അജിത കുമാരിയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. അവിവാഹിതനായ അജിത് കുമാറിന്റെ അവയവങ്ങള്‍ കെ-സോട്ടോയുടെ ഏകോപനത്തില്‍ വിവിധ ആശുപത്രികളിലേക്ക് കൈമാറും. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മറ്റൊരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എത്തിക്കും. കൂടാതെ കണ്ണുകള്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്ക് കൈമാറി ചികിത്സയിലുള്ള രോഗികള്‍ക്ക് പ്രതീക്ഷയാകും.

അജിത് കുമാറിന്റെ കുടുംബത്തിന്റെ ഈ തീരുമാനത്തിന് വിവിധ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍നിന്ന് അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്. മരണത്തിലും ജീവിതത്തിന്റെ വെളിച്ചം പകരുന്ന അവയവദാനത്തിന്റെ പ്രാധാന്യം വീണ്ടും ഓര്‍മിപ്പിക്കുന്ന സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow