സംസ്ഥാന ബജറ്റ് ജനുവരി 29-ന്; നിയമസഭാ സമ്മേളനം 20-ന് തുടങ്ങുമെന്ന് സ്പീക്കർ
32 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20-ന് ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള സംസ്ഥാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിക്കും. 32 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ജനുവരി 20-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാനടപടികൾക്ക് തുടക്കമാകുക. ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ അയോഗ്യതാ നടപടികൾക്ക് നിലവിൽ സാധ്യമല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സഭാംഗങ്ങളിൽ ആരെങ്കിലും പരാതി നൽകിയാൽ മാത്രമേ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിഷയം കൈമാറാൻ കഴിയൂ. നിലവിൽ സഭയ്ക്ക് പുറത്തുള്ളവരുടെ സ്വകാര്യ പരാതികൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്.
ഒരു എം.എൽ.എ അറസ്റ്റിലായതുകൊണ്ട് സഭയുടെ അന്തസ്സ് കുറയില്ലെന്ന് സ്പീക്കർ പറഞ്ഞു. "ഒരു കൊട്ടയിലെ ഒരു മാങ്ങ ചീഞ്ഞാൽ എല്ലാം മോശമായി എന്ന് പറയാനാവില്ല" എന്ന് അദ്ദേഹം പ്രതികരിച്ചു. പൊതുപ്രവർത്തകർ സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നും സഭാംഗങ്ങളിൽ നിന്ന് ജനങ്ങൾ നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നിയമസഭാ സമ്മേളനത്തിന്റെ വിശദമായ കലണ്ടർ വരും ദിവസങ്ങളിൽ പുറത്തിറക്കും.
What's Your Reaction?

