വുഡ്‌ലാൻഡിൽ നിന്നും ഷൂസ് വാങ്ങുന്നവർ ജാഗ്രതൈ! ടെക്നോപാർക്ക് ജീവനക്കാരന് ലഭിച്ചത് ഉപയോഗിച്ച് പഴകിയവ; ഉപഭോക്തൃ കോടതിയിൽ പരാതി നൽകി യുവാവ്
തനിക്ക് നേരിട്ട ദുരവസ്ഥ, ഓർഡർ വിശദാംശങ്ങൾ ഉൾപ്പെടെ വിശദമായി അധികൃതർക്ക് ഈമെയിൽ വഴി ബന്ധപ്പെട്ടുവെങ്കിലും നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല

തിരുവനന്തപുരം: പ്രമുഖ ബ്രാൻഡായ വുഡ്‌ലാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും പുത്തൻ ഷൂസ് വാങ്ങിയ ടെക്നോപാർക്ക് ജീവനക്കാരന് ലഭിച്ചത് ഉപയോഗിച്ച് പഴകിയവ. രണ്ടാഴ്ചകൾക്കു മുമ്പായിരുന്നു ടെക്നോപാർക്കിലെ അലയൻസ് ജീവനക്കാരനായ ഗോകുൽ രവീന്ദ്ര കമ്പനിയുടെ ഷൂസ് ഓൺലൈനായി വാങ്ങിയത്.
തനിക്ക് നേരിട്ട ദുരവസ്ഥ, ഓർഡർ വിശദാംശങ്ങൾ ഉൾപ്പെടെ വിശദമായി അധികൃതർക്ക് ഈമെയിൽ വഴി ബന്ധപ്പെട്ടുവെങ്കിലും നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല. തുടർന്ന് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയിരിക്കുകയാണ് യുവാവിപ്പോൾ.
"ഫ്ലിപ്കാർട്ടിലും ആമസോണിലും ഇതിനേക്കാൾ വില കുറച്ചു ലഭ്യമാണെങ്കിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയതിനാലാണ് വിശ്വസിച്ചു വാങ്ങിയത്. എന്നാൽ ഞാൻ പറ്റിക്കപ്പെട്ടു," ഗോകുൽ ദ വോയിസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അതേസമയം ദ വോയിസ് ഓഫ് ഇന്ത്യ സംഭവവുമായി ബന്ധപ്പെട്ടു വുഡ്‌ലാൻഡ് അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സമാനമായ അനുഭവം വേറെയും ആൾക്കാർക്കുണ്ടായിട്ടുള്ളതായി അറിയുവാൻ കഴിയുന്നു.
What's Your Reaction?






