ഒമാനിൽ ഡ്രോൺ ആക്രമണം: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; 10 ഇന്ത്യക്കാർക്ക് പരിക്ക്
ആക്രമണത്തിൽ പരിക്കേറ്റ 11 പേരിൽ 10 പേരും ഇന്ത്യക്കാരാണ്
ന്യൂഡല്‍ഹി: ഒമാനിലെ സോഹാറിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം കരയിൽ വെച്ച് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിദേശകാര്യം മന്ത്രാലയം ഔദ്യോഗികമായി വിവരമറിയിച്ചു.
മസ്‌കത്തിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൽ അവഹി വ്യാവസായിക മേഖലയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നും ഇവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായും സർക്കാർ അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ 11 പേരിൽ 10 പേരും ഇന്ത്യക്കാരാണ്. ഇതിൽ അഞ്ച് പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ള അഞ്ച് പേർ നിരീക്ഷണത്തിലാണെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ജോയിന്റ് സെക്രട്ടറി അസീം മഹാജൻ അറിയിച്ചു.
ഇറാഖിലെ ബസ്രയ്ക്ക് സമീപം ആക്രമിക്കപ്പെട്ട 'സേഫ്‌സീ വിഷ്ണു' എന്ന കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. എന്നാൽ ഈ കപ്പലിൽ വെച്ച് കൊല്ലപ്പെട്ട ഒരു ഇന്ത്യൻ ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി വിദേശകാര്യ മന്ത്രാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഒമാനിലോ മറ്റ് ഗൾഫ് രാജ്യങ്ങളിലോ ഉള്ള നിങ്ങളുടെ ബന്ധുക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈൻ നമ്പറുകളിലോ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയിലോ ബന്ധപ്പെടാവുന്നതാണ്.
What's Your Reaction?