കീവിൽ റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

Jul 19, 2026 - 17:59
Jul 19, 2026 - 17:59
 0
കീവിൽ റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ റഷ്യ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി അറിയിച്ചു.

യുദ്ധം ആരംഭിച്ചതിനുശേഷം യുക്രെയ്ൻ നേരിട്ട ഏറ്റവും വലിയ മിസൈൽ ആക്രമണങ്ങളിൽ ഒന്നായിരുന്നുവിതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിൽപ്പെട്ട 41 മിസൈലുകളാണ് റഷ്യ യുക്രെയ്നിന് നേരെ പ്രയോഗിച്ചത്. നഗരമൊട്ടാകെ വൻ സ്ഫോടനങ്ങളുണ്ടായി. മിസൈലുകൾ വീണ് നിരവധി പാർപ്പിട സമുച്ചയങ്ങൾ തകർന്നു.

കീവിലെ വെസ്റ്റേൺ ഡിസ്ട്രിക്റ്റിൽ തകർന്ന കെട്ടിടങ്ങളിലെ അവശിഷ്ടങ്ങൾ നീക്കാനും തീ അണയ്ക്കാനുമായി രക്ഷാപ്രവർത്തകർ തുടരുകയാണ്. നഗരമധ്യത്തിനു സമീപമുള്ള ഒരു അടിപ്പാതയും ആക്രമണത്തിൽ പൂർണമായും തകർന്നു.

കീവിന് പുറമെ അതിർത്തിയോട് ചേർന്ന ഖാർകിവ് മേഖലയിലും റഷ്യൻ ആക്രമണം ഉണ്ടായി. ഒരു നഗരപ്രാന്തത്തിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ അറിയിച്ചു. അയൽപ്രദേശമായ സുമിയിലെ ഒരു പുനരധിവാസ കേന്ദ്രത്തിനുനേരെയും റഷ്യൻ സൈന്യം ആക്രമണം നടത്തിയതായി യുക്രെയ്ൻ ആക്ടിങ് വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു.

യുഎസ് നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് റഷ്യ കീവിലും മറ്റ് നഗരങ്ങളിലും ബാലിസ്റ്റിക് മിസൈൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ചത്തെ ആക്രമണത്തിൽ 18 മിസൈലുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. ഇതോടൊപ്പം എത്തിയ 125 ഡ്രോണുകളിൽ 108 എണ്ണം തകർത്തതായും സൈന്യം അറിയിച്ചു.

പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ യുക്രെയ്നിൽ തന്നെ നിർമിക്കാനുള്ള ലൈസൻസുമായി ബന്ധപ്പെട്ട രാഷ്ട്രീയ കരാറിൽ യുഎസുമായി ഒപ്പുവച്ചതായി കഴിഞ്ഞ ആഴ്ച സെലൻസ്കി പറഞ്ഞിരുന്നു. ബാലിസ്റ്റിക് മിസൈലുകളിൽ നിന്നുള്ള സംരക്ഷണമാണ് ഇപ്പോഴത്തെ ഏറ്റവും വലിയ മുൻഗണനയെന്നും കൂടുതൽ ഇന്റർസെപ്റ്ററുകൾ അടിയന്തരമായി ആവശ്യമുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow