ഗവൺമെന്റ് പ്ലീഡർ നിയമനം: പരാതികൾ പരിഹരിക്കപ്പെട്ടില്ലെന്ന് ലോയേഴ്സ് കോൺഗ്രസ്
കൊച്ചി: വിവാദമായ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ലോയേഴ്സ് കോൺഗ്രസ് വീണ്ടും പരസ്യ വിമർശനവുമായി രംഗത്തെത്തി. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട പരാതികൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.കെ. അബ്ദുൾ റഹ്‌മാൻ പറഞ്ഞു.
വിഷയത്തിൽ എഐസിസിയും കെപിസിസിയും ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിയോണയും ശരത്തും ലോയേഴ്സ് കോൺഗ്രസ് സജീവ പ്രവർത്തകരല്ലെന്നും, സാങ്കേതികമായി അംഗങ്ങളായിരുന്നാലും യൂണിറ്റ് അംഗത്വ വിതരണത്തിലൂടെ സംഘടനയിൽ എത്തിയവരാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് അവരെ സജീവ പ്രവർത്തകരെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ ഉയർത്തിയ സമാന വിമർശനമാണ് ലോയേഴ്സ് കോൺഗ്രസും മുന്നോട്ടുവയ്ക്കുന്നത്. അർഹരായവർക്ക് അവസരം ലഭിച്ചിട്ടില്ലെന്നതാണ് സംഘടനയുടെ നിലപാട്. വിവിധ യൂണിറ്റുകളിൽ നിന്ന് ലഭിക്കുന്ന ശുപാർശാ ലിസ്റ്റുകൾ സംസ്ഥാന നേതൃത്വം ക്രോഡീകരിച്ച് സംഘടനാതലത്തിൽ നിയമനം നടത്തണമെന്നാണ് ലോയേഴ്സ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
എവിടെയോ നിന്ന് വരുന്ന ലിസ്റ്റുകൾ അതേപടി നിയമനത്തിനായി സ്വീകരിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച് പലതവണ പരാതി നൽകിയിട്ടും കേൾക്കാൻ തയ്യാറായിട്ടില്ലെന്ന് കോൺഗ്രസ് അഭിഭാഷകർ ആരോപിക്കുന്നു.
ജില്ലാതല നിയമനങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിൽ സംഘടനാതല ഇടപെടലോടെയുള്ള നിയമനം വേണമെന്നാണ് അബ്ദുൾ റഹ്‌മാൻ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ലോയേഴ്സ് കോൺഗ്രസ് വീണ്ടും വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
What's Your Reaction?



