കുണ്ടറ കസ്റ്റഡി മർദനാരോപണം; സിപിഒ ശ്രീജിത്തിന് സസ്പെൻഷൻ
കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനാരോപണത്തിൽ സിപിഒ ശ്രീജിത്തിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം ജില്ലാ പൊലീസ് മേധാവി സസ്പെൻഷൻ ഉത്തരവിറക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിൽ സിപിഒ ശ്രീജിത്തിന്റെ ഭാഗത്ത് ഗുരുതരമായ അച്ചടക്കലംഘനവും സേവനച്ചട്ട ലംഘനവും നടന്നതായി കണ്ടെത്തിയതോടെയാണ് നടപടി. കേസിലെ തുടർ അന്വേഷണം പൂർത്തിയാകുന്നതുവരെ ഉദ്യോഗസ്ഥൻ സസ്പെൻഷനിലായിരിക്കും.
അതേസമയം, സംഭവം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും വിശദീകരണം തേടി മെമ്മോ നൽകാനും നിർദേശം നൽകിയിട്ടുണ്ട്. കസ്റ്റഡിയിലെ പ്രതിക്കെതിരായ മർദനാരോപണം ഗൗരവമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
What's Your Reaction?



