കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞു വീണു. 14-ാം വാര്‍ഡ് കെട്ടിടമാണ് ഇടിഞ്ഞുവീണത്. രണ്ടു പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിലുണ്ടായിരുന്ന 3 പേരെ രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. വലിയ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ഫയർ ഫോഴ്സ് അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രി വി എൻ വാസവനും സ്ഥലത്തെത്തി. ആർക്കും ഗുരുതര പരിക്കുകൾ ഇല്ലെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. കെട്ടിടത്തിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. പരിശോധന പുരോഗമിക്കുകയാണ്.
14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. ഒരു കുട്ടിയ്ക്കും 45 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയ്ക്കുമാണ് പരുക്കേറ്റതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഇരുവര്‍ക്കും സാരമായ പരുക്കുകളില്ല.