തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണണെന്നാണ് നിർദേശം.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് മുന്നോട്ട് വച്ചത്.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. വിധി പറയുന്നതുവരെ അറസ്റ്റ് തടയണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ആദ്യ പീഡനക്കേസില്‍ ജില്ലാക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.
കൂടുതല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്ത വിവരം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.
ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. താന്‍ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.