നടി ആക്രമിക്കപ്പെട്ട കേസ് വിധി ചോർന്നു? ദിലീപിനെ കുറ്റവിമുക്തനാക്കുമെന്ന വിവരം മുൻകൂട്ടി ലഭിച്ചു; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി
ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോർന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. യശ്വന്ത് ഷേണായി ആരോപിച്ചു. കേസിൻ്റെ വിധി പ്രഖ്യാപിക്കുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന് ഊമക്കത്ത് ലഭിച്ചിരുന്നുവെന്നും കത്തിലെ വിവരങ്ങൾക്ക് വിധിയുടെ ഉള്ളടക്കവുമായി സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഊമക്കത്തിൻ്റെ പകർപ്പ് അടക്കമാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ഡിസംബർ 8-ന് വിധി പറഞ്ഞ കേസിൽ ഒന്നാം പ്രതി പൾസർ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രഖ്യാപിക്കുമെന്നും, ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സുനിൽ കുമാർ എന്നിവരെ ഒഴിവാക്കുമെന്നും ഊമക്കത്തിൽ പറഞ്ഞിരുന്നുവെന്നാണ് വിവരം. ഈ വിവരങ്ങൾ വിധിയിലെ ഉള്ളടക്കവുമായി സാമ്യമുള്ളതായി അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
വിധി ചോർന്നോ എന്നും കത്തിൻ്റെ ഉറവിടം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്, ജുഡീഷ്യറിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ഈ ഊമക്കത്തിൻ്റെ നിജസ്ഥിതിയും ലക്ഷ്യവും കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗം ഇതിൽ അന്വേഷണം നടത്തണമെന്നുമാണ് അഭിഭാഷക അസോസിയേഷൻ ആവശ്യപ്പെടുന്നത്.
What's Your Reaction?

