'കണ്ണൂർ എന്റെ ഹൃദയരക്തം; എന്നും കോൺഗ്രസിന്റെ മുൻനിരയിലുണ്ടാകും'; സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ കെ. സുധാകരൻ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ സുധാകരന് കടുത്ത അതൃപ്തിയുണ്ടെന്ന വാർത്തകൾക്കിടെയാണ് ഈ പ്രതികരണം

Mar 13, 2026 - 14:00
Mar 13, 2026 - 14:00
 0
'കണ്ണൂർ എന്റെ ഹൃദയരക്തം; എന്നും കോൺഗ്രസിന്റെ മുൻനിരയിലുണ്ടാകും'; സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ കെ. സുധാകരൻ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, വൈകാരികമായ പ്രതികരണവുമായി കെ. സുധാകരൻ എംപി. കണ്ണൂരിലെ കോൺഗ്രസ് പ്രസ്ഥാനവുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കുന്ന കുറിപ്പ് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. താൻ പാർട്ടിക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ടാണ് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ സുധാകരന് കടുത്ത അതൃപ്തിയുണ്ടെന്ന വാർത്തകൾക്കിടെയാണ് ഈ പ്രതികരണം.

പോസ്റ്റ് പൂര്‍ണരൂപം -

കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ ഞാന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികര്‍ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല. ഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്‍കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്.

ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി

കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും.

എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാന്‍ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളര്‍ന്നവരും പ്രവര്‍ത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow