എട്ട് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സോയൂസ് എംഎസ്-28 പേടകം ഭൂമിയില്‍ തിരിച്ചെത്തി

Jul 26, 2026 - 22:05
Jul 26, 2026 - 22:06
 0
എട്ട് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സോയൂസ് എംഎസ്-28 പേടകം ഭൂമിയില്‍ തിരിച്ചെത്തി

അസ്താന: എട്ട് മാസത്തോളം നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി എക്സ്പെഡീഷൻ 74 സംഘവുമായി സോയൂസ് എംഎസ്-28 പേടകം കസാഖിസ്ഥാനില്‍ സുരക്ഷിതമായി ഇറങ്ങി. അമേരിക്കന്‍ സഞ്ചാരിയായ ക്രിസ് വില്ല്യംസ്, റഷ്യന്‍ സഞ്ചാരികളായ സെര്‍ജി കുദ്-സ്വേര്‍കോവ്, സെര്‍ജി മിഖേവ് എന്നിവരാണ് ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരികെയെത്തിയിരിക്കുന്നത്. പാരച്യൂട്ടിന്റെ സഹായത്തോടെയായിരുന്നു പേടകത്തിന്റെ ലാന്‍ഡിങ്. മനുഷ്യശരീരം ബഹിരാകാശ സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുതിയ ചികിത്സകള്‍ കണ്ടെത്താനുമുള്ള വിവിധ പരീക്ഷണങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികളുമാണ് സംഘം ഈ കാലയളവില്‍ നിര്‍വഹിച്ചത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.55ഓടെയാണ് കസാഖിസ്ഥാനിലെ ജെസ്‌കാസ്ഗൻ നഗരത്തിനു തെക്കുകിഴക്കുള്ള കസാഖ് സ്റ്റെപ്പിയില്‍ പേടകം ലാൻഡ് ചെയ്തത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ റിക്കവറി സംഘം യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ഹെലികോപ്റ്ററില്‍ കസാഖ് നഗരമായ കരഗണ്ടയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് വരുംദിവസങ്ങളില്‍ ഇവര്‍ക്ക് ആവശ്യമായ വൈദ്യപരിശോധനകള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

2025 നവംബര്‍ 27നാണ് നാസയുടെയും റോസ്‌കോസ്‌മോസിന്റെയും യാത്രികരടങ്ങുന്ന ഈ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. 241 ദിവസങ്ങള്‍ നീണ്ട ദൗത്യത്തിനിടയില്‍ സംഘം ഭൂമിയെ 3,856 തവണ ചുറ്റുകയും 102 ദശലക്ഷം മൈലിലധികം സഞ്ചരിക്കുകയും ചെയ്തു. ഇതിനിടയില്‍ ആധുനിക വൈദ്യശാസ്ത്രത്തിന് മുതല്‍ക്കൂട്ടാകുന്ന 40 സുപ്രധാന പരീക്ഷണങ്ങളും യാത്രികര്‍ വിജയകരമായി പൂര്‍ത്തിയാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow