ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ ദുബായിൽ നിന്ന് കണ്ടെത്തി
മാധ്യമങ്ങളിലെ വാർത്ത കണ്ട ഒരാൾ യുവതിയെ കണ്ടപ്പോൾ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു

ഷാർജ: ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ ദുബായിൽ നിന്ന് കണ്ടെത്തി. ഷാർജ അബു ഷഗാറയിൽ നിന്ന് ഇന്നലെ (20) രാവിലെ കാണാതായ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതിക (പൊന്നു-22)യെ ആണ് രാത്രിയോടെ ദുബായ് ഊദ് മേത്തയിൽ നിന്ന് കണ്ടെത്തിയത്.
മാധ്യമങ്ങളിലെ വാർത്ത കണ്ട ഒരാൾ യുവതിയെ കണ്ടപ്പോൾ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, ഉടൻ സ്ഥലത്തെത്തിയ രക്ഷിതാക്കൾ റിതികയെ കൂട്ടിക്കൊണ്ടുപോയി. പഴയ സഹപാഠികളെ കാണാനാണ് താൻ ഊദ് മേത്തയിൽ എത്തിയതെന്ന് റിതിക മാതാപിതാക്കളോട് പറഞ്ഞു.
സഹോദരന് രക്തപരിശോധന നടത്താൻ വേണ്ടി അബു ഷഗാറയിലെ സബ അൽ നൂർ ക്ലിനിക്കിലേക്ക് ഇന്നലെ (20) രാവിലെ എട്ടിന് റിതിക കൂടെ പോയതാണ്. സഹോദരൻ ലാബിലേക്ക് കയറിയ സമയം റിതിക ക്ലിനിക്കിൽ ഇരിക്കുകയായിരുന്നു. അഞ്ച് മിനിറ്റിനകം സഹോദരൻ ലാബിൽ നിന്നിറങ്ങി നോക്കിയപ്പോഴേക്കും റിതികയെ കാണാനില്ലായിരുന്നു.
ക്ലിനിക്കിന്റെ പിൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങി പോകുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. പരിസരങ്ങളിലൊക്കെ മാതാപിതാക്കളും ബന്ധുക്കളും മറ്റും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതേത്തുടർന്ന്, പോലീസിൽ പരാതിപ്പെടുകയായിരുന്നു. റിതികയെ സുരക്ഷിതമായി കണ്ടെത്താൻ ശ്രമിച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു.
What's Your Reaction?






