മദ്യത്തിന് അടിമയായിരുന്നു; തകർന്ന കുട്ടിക്കാലം നൽകിയ മുറിവുകൾ ഉണങ്ങിയിരുന്നില്ല; മനസ് തുറന്ന് ഗായിക ജാസ്മിൻ സാൻഡ്‌ലാസ്
സൂപ്പർ ഹിറ്റ് ചിത്രം 'ധുരന്ധറി'ലെ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ജാസ്മിൻ, തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചും വ്യക്തമാക്കുന്നു
പ്രശസ്ത ഗായിക ജാസ്മിൻ സാൻഡ്‌ലാസ് തന്റെ മദ്യപാന ശീലത്തെക്കുറിച്ചും വ്യക്തിജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും മനസ് തുറക്കുന്നു. രൺവീർ അൽഹബാദിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
സൂപ്പർ ഹിറ്റ് ചിത്രം 'ധുരന്ധറി'ലെ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ജാസ്മിൻ, തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചും വ്യക്തമാക്കുന്നു. 23-ാം വയസ് മുതൽ താൻ മദ്യത്തിന് അടിമയായിരുന്നുവെന്ന് ജാസ്മിൻ പറയുന്നു. ജീവിത സാഹചര്യങ്ങളാണ് തന്നെ അതിലേക്ക് നയിച്ചത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും കുടുംബത്തിലെ പ്രശ്നങ്ങളും പിതാവിന്റെ വിയോഗവും തന്നെ മാനസികമായി തളർത്തി. ആ സമയത്തെ അമിതമായ മദ്യപാനത്തിൽ ഇപ്പോൾ ഖേദമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ലെന്ന് ജാസ്മിൻ ഓർത്തെടുക്കുന്നു. മാതാപിതാക്കളുടെ പെരുമാറ്റം തന്നെ പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഉണ്ടായ മാനസികമായ മുറിവുകൾ ഗായികയായ ശേഷവും മാറിയിരുന്നില്ല. "തകർന്ന ഹൃദയവുമായി ഓടിച്ചെല്ലാൻ ഒരിടമില്ലാതെ വരുമ്പോൾ നമ്മൾ എല്ലായിടത്തും ഒരു വീട് (അഭയസ്ഥാനം) തേടും. ജീവിതകാലം മുഴുവൻ ഞാൻ ചെയ്തത് അതാണ്," ജാസ്മിൻ വികാരാധീനയായി പറഞ്ഞു.
മാതാപിതാക്കളോട് സ്നേഹമുണ്ടെങ്കിലും അവർ അറിയാതെ തന്നെ തന്റെ ഹൃദയം പലവട്ടം തകർത്തിട്ടുണ്ടെന്ന് താരം പറയുന്നു. ഒരു കുട്ടിയുടെ മനസ്സ് ഒരിക്കൽ തകർന്നാൽ അത് പഴയതുപോലെയാകില്ലെന്നും മാതാപിതാക്കൾ മക്കളോട് പരുക്കനായി പെരുമാറുന്നതിന്റെ കാരണങ്ങളെക്കുറിച്ച് താരം ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.
What's Your Reaction?