ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം; ന്യൂസ് എഡിറ്റർ കെ.ആർ. അജയന് പാർട്ടി നോട്ടീസ്
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്നതിനെ ചൊല്ലിയ വിവാദത്തിൽ സി.പി.എം നേതൃത്വം ഇടപെട്ടു. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയന് പാർട്ടി നോട്ടീസ് നൽകി. വൈകിട്ട് നാല് മണിക്ക് മുൻപ് സംഭവത്തിൽ വിശദീകരണം സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
സാധാരണയായി ഞായറാഴ്ച ദേശാഭിമാനി ദിനപത്രത്തോടൊപ്പം പ്രസിദ്ധീകരിക്കാറുള്ള വാരാന്തപ്പതിപ്പ് ഇത്തവണ പുറത്തിറങ്ങാതിരുന്നതാണ് വിവാദങ്ങൾക്ക് തുടക്കമായത്. പതിപ്പ് അച്ചടിച്ച ശേഷമാണ് വിതരണം നിർത്തിവെച്ചതെന്നാണ് ലഭ്യമായ വിവരം. ആദ്യം സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരണം സാധ്യമായില്ലെന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം.
എന്നാൽ, വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ലേഖനമാണ് പതിപ്പ് പിൻവലിക്കാൻ കാരണമായതെന്ന തരത്തിൽ പിന്നീട് വാർത്തകൾ പുറത്തുവന്നു. ഇതിന് പിന്നാലെ, 'കള്ളൻ വിജയൻ' എന്ന തലക്കെട്ടോടെയുള്ള ഒരു ലേഖനം ഉൾപ്പെട്ടിരുന്നതാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരിക്കാൻ ഇടയായതെന്ന അനൗദ്യോഗിക വിശദീകരണവും പുറത്തുവന്നു. സംഭവത്തിൽ പാർട്ടി നേതൃത്വം വിശദീകരണം തേടിയതോടെ വിവാദം കൂടുതൽ രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.
What's Your Reaction?



