സ്ത്രീകൾക്ക് സൗജന്യ KSRTC യാത്ര മുതൽ ആര്‍ത്തവ അവധി വരെ; പുതിയ സർക്കാരിന്റെ വമ്പൻ പ്രഖ്യാപനങ്ങൾ
തിരുവനന്തപുരം ∙ സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന നല്‍കി പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം. സൗജന്യ കെഎസ്ആര്‍ടിസി യാത്ര മുതല്‍ ആര്‍ത്തവ അവധിയും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ഉള്‍പ്പെടെയുള്ള വമ്പന്‍ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെട്ടത്.
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മാസത്തില്‍ മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പഠനത്തില്‍ പിന്നിലാകാതിരിക്കാനായി വാരാന്ത്യങ്ങളില്‍ ‘ക്യാച്ച് അപ്പ് ക്ലാസുകളും’ നടത്തും. ‘മെന്‍സ്ട്രല്‍ ഡിഗ്നിറ്റി’ പദ്ധതിയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സ്ത്രീസൗഹൃദമാക്കാനും നടപടി സ്വീകരിക്കും.
സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും കേരളത്തിലെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര സ്ഥിരാവകാശമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പദ്ധതി എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരും, എന്തൊക്കെ നിബന്ധനകളുണ്ടാകും തുടങ്ങിയ വിശദാംശങ്ങള്‍ പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടില്ല.
കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ വിദ്യാഭ്യാസ സഹായം നല്‍കുമെന്നും, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആറുമാസത്തെ പ്രസവാവധിയും പ്രത്യേക ആനുകൂല്യങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് തുല്യവേതനം ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്നും എല്ലാ പ്രധാന പട്ടണങ്ങളിലും പൊതുവിശ്രമമുറികള്‍ ഒരുക്കുമെന്നും പ്രഖ്യാപിച്ചു.
ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, ക്ഷേമപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തല്‍, യുവ സംരംഭകര്‍ക്ക് അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ എന്നിവയും സര്‍ക്കാര്‍ ആവര്‍ത്തിച്ച പ്രധാന വാഗ്ദാനങ്ങളാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും നയപ്രഖ്യാപനത്തില്‍ പരാമര്‍ശമുണ്ടായി. നിലവിലെ ബാധ്യതകളും സാമ്പത്തിക ഞെരുക്കങ്ങളും പൊതുധനകാര്യത്തില്‍ വലിയ സമ്മര്‍ദം സൃഷ്ടിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ ധവളപത്രം പുറത്തിറക്കുമെന്നും അറിയിച്ചു.
ലഹരിവ്യാപനം തടയാന്‍ പ്രത്യേക സ്റ്റേറ്റ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ബ്യൂറോ രൂപീകരിക്കുമെന്നും എല്ലാ ജില്ലകളിലും പ്ലസ് ടു സീറ്റുകള്‍ ആവശ്യാനുസരണം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഐടി വകുപ്പിനെ ‘കേരള ടെക്ക്’ ബ്രാന്‍ഡോടെ പുനര്‍നാമകരണം ചെയ്യുമെന്നും സംസ്ഥാനത്തെ റോഡുകള്‍ ബി.എം, ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
മുന്‍ സര്‍ക്കാരുകളുടെ നയപ്രഖ്യാപനങ്ങളില്‍ പതിവായി ഉണ്ടായിരുന്ന കേന്ദ്രവിമര്‍ശനം ഇത്തവണ ഒഴിവാക്കിയതും ശ്രദ്ധേയമായി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് പ്രസംഗം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തത്.
What's Your Reaction?



