നീറ്റ് പുനഃപരീക്ഷ: ഒഎംആർ ഷീറ്റ് പുറത്തിറക്കി; ജൂലൈ 15 വരെ ചലഞ്ച് ചെയ്യാം
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുടെ ഒഎംആർ ഷീറ്റിന്റെയും വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങളുടെയും സ്കാൻ ചെയ്ത പകർപ്പ് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) പുറത്തിറക്കി. ഔദ്യോഗിക നീറ്റ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് വിദ്യാർഥികൾക്ക് സ്വന്തം ഒഎംആർ ഷീറ്റും സിസ്റ്റത്തിൽ രേഖപ്പെടുത്തിയ ഉത്തരങ്ങളും പരിശോധിക്കാം.
വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്കും ഒഎംആർ ഷീറ്റിന്റെ പകർപ്പ് അയച്ചിട്ടുണ്ടെന്ന് എൻടിഎ അറിയിച്ചു.
ഒഎംആർ ഷീറ്റിലെ തെറ്റുകൾ ചോദ്യം ചെയ്യാൻ ജൂലൈ 15 രാവിലെ 11 മണിവരെ അവസരമുണ്ട്. ഓരോ ചലഞ്ചിനും 200 രൂപ വീതം ഓൺലൈനായി പ്രോസസിങ് ഫീസ് അടയ്ക്കണം. ഈ തുക തിരികെ ലഭിക്കില്ലെന്നും, അവസാന തീയതിക്ക് ശേഷമോ ഫീസ് അടയ്ക്കാതെയോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്നും എൻടിഎ വ്യക്തമാക്കി.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തവണ ഒടിപി അടിസ്ഥാനമാക്കിയ ടു-ഫാക്ടർ ഓതന്റിക്കേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആൻസർ കീ ചലഞ്ച് നടപടികൾ നേരത്തെ പൂർത്തിയായതിനാൽ ഇനി ഒഎംആർ ഷീറ്റിലെ ഉത്തരങ്ങൾ മാത്രമേ ചോദ്യം ചെയ്യാനാകൂ എന്നും എൻടിഎ അറിയിച്ചു.
What's Your Reaction?



