വഖഫ് ബില്ലിനെതിരെ പ്രതിഷേധിച്ചു; യുപിയില്‍ 300ലധികം പേര്‍ക്ക് രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടാന്‍ നോട്ടീസ്

ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസായതിനു പിന്നാലെയാണ് പ്രതിഷേധം

Apr 6, 2025 - 16:30
Apr 6, 2025 - 16:32
 0  10
വഖഫ് ബില്ലിനെതിരെ പ്രതിഷേധിച്ചു; യുപിയില്‍ 300ലധികം പേര്‍ക്ക് രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടാന്‍ നോട്ടീസ്

ലഖ്‌നൗ: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിന് 300ലധികം പേര്‍ക്കെതിരെ നടപടിയെടുത്തത് യുപി സര്‍ക്കാര്‍. മുസാഫര്‍നഗര്‍ ജില്ലയിലെ 300ലധികം വരുന്ന നിവാസികള്‍ക്ക് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകാനും രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടിവയ്ക്കാനും സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപ് നോട്ടീസ് നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ മാര്‍ച്ച് 28ന് മുസാഫര്‍നഗറിലെ വിവിധ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം കൈകളില്‍ കറുത്ത ബാഡ്ജ് ധരിച്ച് ഒരു കൂട്ടം ആളുകള്‍ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. മുദ്രാവാക്യങ്ങളോ പോസ്റ്ററുകളോ ഇല്ലാതെ നടന്ന നിശബ്ദ പ്രതിഷേധമായിരുന്നു ഇതെന്നും നോട്ടീസ് നല്‍കിയത് അന്യായമാണെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ആഹ്വാനപ്രകാരമാണ് കറുത്ത ബാഡ്ജ് ധരിച്ചതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത മുഹമ്മദ് ഷിബ്ലി പറഞ്ഞു. സമാധാനപരവും ജനാധിപത്യപരവുമായ രീതിയില്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണ് കറുത്ത ബാഡ്ജ് ധരിച്ചതെന്നും, പൊതുക്രമം തകര്‍ക്കുകയോ സംഘര്‍ഷം സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും നോട്ടീസ് ലഭിച്ചവര്‍ വ്യക്തമാക്കി.

ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസായതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാര നടപടിയുമായി യുപി പൊലീസ് രംഗത്തെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow