ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ഇനി പണം സ്വീകരിക്കില്ല; തിങ്കളാഴ്ച മുതൽ പൂർണ്ണമായും 'ക്യാഷ്‌ലെസ്'
സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകളിൽ തിങ്കളാഴ്ച (മാർച്ച് 16) മുതൽ പണമിടപാടുകൾക്ക് പൂർണ്ണ നിരോധനം. മദ്യവിൽപന പൂർണ്ണമായും ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് മാറണമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടലൂരി ഉത്തരവിട്ടു. സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. മാർച്ച് 15 മുതൽ തന്നെ ഇതിനായുള്ള കർശന നിർദ്ദേശങ്ങൾ ഔട്ട്‌ലെറ്റുകൾക്ക് നൽകിക്കഴിഞ്ഞു.
തിങ്കളാഴ്ച മുതൽ സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകളിൽ നോട്ട് സ്വീകരിക്കില്ല. പകരം യുപിഐ (UPI), ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി മാത്രമേ പണമടയ്ക്കാനാകൂ. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ സൗകര്യാർത്ഥം മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും ഇതുസംബന്ധിച്ച അറിയിപ്പുകൾ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു തുടങ്ങി.
കഴിഞ്ഞ മാസം 15 മുതൽ തന്നെ ക്യാഷ്‌ലെസ് പേയ്മെന്റിലേക്കുള്ള മാറ്റം ബെവ്കോ ആരംഭിച്ചിരുന്നു. ഇത് ഇപ്പോൾ പൂർണ്ണമായി നടപ്പിലാക്കുകയാണ്. പ്രീമിയം കൗണ്ടറുകളിൽ നിന്ന് മദ്യം വാങ്ങാൻ എത്തുന്നവർ കയ്യിൽ ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ യുപിഐ സൗകര്യങ്ങളോ എടിഎം കാർഡുകളോ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സാധാരണ കൗണ്ടറുകളിൽ നിലവിലെ രീതി തുടരുമെങ്കിലും പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ പെയ്‌മെന്റ് നിർബന്ധമാണ്.
What's Your Reaction?