കേരളം സാമ്പത്തിക പുരോഗതിയിൽ; ഇത് ജനക്ഷേമ ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ആശ വർക്കർമാർ, അംഗനവാടി ജീവനക്കാർ എന്നിവരുടെ അലവൻസുകൾ കാലോചിതമായി പരിഷ്കരിച്ചു

Jan 29, 2026 - 17:44
Jan 29, 2026 - 17:44
 0
കേരളം സാമ്പത്തിക പുരോഗതിയിൽ; ഇത് ജനക്ഷേമ ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ വലിയ പുരോഗതിയുണ്ടെന്നും ശുഭപ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിക്കൊണ്ട് മികച്ച ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആശ വർക്കർമാർ, അംഗനവാടി ജീവനക്കാർ എന്നിവരുടെ അലവൻസുകൾ കാലോചിതമായി പരിഷ്കരിച്ചു. കേന്ദ്ര സർക്കാർ കഴിഞ്ഞ 12 വർഷമായി വിഹിതം വർധിപ്പിച്ചിട്ടില്ലെങ്കിലും സംസ്ഥാനം ഇതിൽ ഇടപെടൽ നടത്തി.

ഹരിത കർമ്മ സേനാംഗങ്ങൾക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്തും. റോഡ് അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കും. മെഡിസെപ്പ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ പരിഷ്കരിക്കും.

എംസി റോഡ് വികസനത്തിന് കിഫ്ബി വഴി 5,317 കോടി രൂപ വകയിരുത്തി. കട്ടപ്പന-തേനി തുരങ്ക പാതയുടെ സാധ്യത പഠനവും ഇതിൽ ഉൾപ്പെടുന്നു. കെ-റെയിലിന് ബദലായുള്ള RRT ലൈനിനായി 100 കോടി രൂപയും കാസർകോട് വേഗ റെയിൽ പ്രാരംഭ നടപടികൾക്കായി 100 കോടി രൂപയും നീക്കിവെച്ചു.

വിഴിഞ്ഞം പദ്ധതിക്ക് 1,000 കോടി രൂപയും, വിഴിഞ്ഞം മുതൽ ചവറ വരെയുള്ള റെയർ എർത്ത് കോറിഡോറും ബജറ്റിലെ പ്രധാന ആകർഷണങ്ങളാണ്. വയനാട് ദുരന്തബാധിതർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുകയാണെന്നും ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്നും മന്ത്രി അറിയിച്ചു. ഇത് കേവലം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബജറ്റല്ലെന്നും സാധാരണക്കാരുടെ വരുമാനവും ക്ഷേമവും ഉറപ്പാക്കാനുള്ള ഇടപെടലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow