നിപ്പ ഭീതി: ഏഷ്യൻ രാജ്യങ്ങളിൽ കനത്ത ജാഗ്രത; കേരളവും മുൻകരുതൽ എടുക്കണം
വൈറസ് ബാധിച്ച പഴംതീനി വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ആണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്
ബംഗാളിലെ നാദിയ ജില്ലയിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ്പ സ്ഥിരീകരിച്ചതോടെ സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ കർശന പരിശോധന ആരംഭിച്ചു. ബംഗാളിൽ നിന്നുള്ള നിരവധി തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ നമ്മുടെ സംസ്ഥാനവും വരും ദിവസങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
വൈറസ് ബാധിച്ച പഴംതീനി വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ആണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്. വവ്വാലുകൾ കടിച്ചിട്ട പഴങ്ങൾ കഴിക്കുന്നതിലൂടെയോ അവ കൈകാര്യം ചെയ്യുന്നതിലൂടെയോ വൈറസ് ശരീരത്തിലെത്താം. രോഗബാധയുള്ള വ്യക്തിയുടെ ഉമിനീർ, മൂത്രമൊഴിച്ചുള്ള ദ്രാവകങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പടരും.
പ്രധാന മുൻകരുതലുകൾ:
പഴങ്ങൾ ശ്രദ്ധിക്കുക: പറമ്പിലോ വീട്ടുമുറ്റത്തോ വീണുകിടക്കുന്ന വവ്വാൽ കടിച്ച പാടുള്ള പഴങ്ങൾ (ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം മുതലായവ) യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ഇവ മൃഗങ്ങൾക്ക് നൽകുകയുമരുത്. ഇത്തരം പഴങ്ങൾ മണ്ണിൽ കുഴിച്ചുമൂടണം.
വവ്വാലുകൾ ധാരാളമായുള്ള പ്രദേശങ്ങളിൽ കലങ്ങളിൽ തുറന്നുവെച്ച് ശേഖരിക്കുന്ന കള്ള് കുടിക്കുന്നത് ഒഴിവാക്കണം.
വിപണിയിൽ നിന്ന് വാങ്ങുന്ന പഴങ്ങൾ സോപ്പുവെള്ളത്തിൽ കഴുകിയ ശേഷം നല്ല വെള്ളത്തിൽ വീണ്ടും കഴുകി ഉപയോഗിക്കുന്നത് വൈറസ് നശിക്കാൻ സഹായിക്കും.
പുറത്തുപോയി വന്നാലോ മൃഗങ്ങളെയോ മറ്റോ സ്പർശിച്ചാലോ കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.
രോഗിയുമായി സമ്പർക്കമുണ്ടായ ശേഷം കൈകൾ നന്നായി അണുവിമുക്തമാക്കുക.
രോഗി ഉപയോഗിക്കുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ, കിടക്ക എന്നിവ പ്രത്യേകം സൂക്ഷിക്കുകയും വെവ്വേറെ കഴുകുകയും ചെയ്യുക.
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക.
What's Your Reaction?

