ഗ്യാസ് ലാഭിക്കാൻ ചില 'സൂത്രപ്പണികൾ'; പാത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം; സിലിണ്ടറിൽ രണ്ട് കിലോ വരെ ലാഭിക്കാം
ചുവട് പരന്ന പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഗ്യാസ് ലാഭിക്കാനുള്ള ഏറ്റവും മികച്ച വഴി
പാചകവാതക വില വർധനയും ഗ്യാസ് ക്ഷാമവും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ, അടുക്കളയിൽ ഗ്യാസ് ലാഭിക്കാൻ സഹായിക്കുന്ന ചില പ്രായോഗിക നിർദ്ദേശങ്ങൾ വിദഗ്ധർ പങ്കുവെക്കുന്നു. പാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ ചെറിയ മാറ്റങ്ങൾ വഴി ഒരു സിലിണ്ടറിൽ നിന്ന് രണ്ട് കിലോ വരെ ഗ്യാസ് ലാഭിക്കാൻ സാധിക്കും.
ചുവട് പരന്ന പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഗ്യാസ് ലാഭിക്കാനുള്ള ഏറ്റവും മികച്ച വഴി. ഇത്തരം പാത്രങ്ങളിൽ ചൂട് വേഗത്തിൽ വ്യാപിക്കുകയും കൂടുതൽ സമയം നിലനിൽക്കുകയും ചെയ്യും. പാത്രത്തിന്റെ അടിഭാഗം പരന്നിരുന്നാൽ തീ ജ്വാലകൾ പാത്രത്തിന് പുറത്തേക്ക് പോകാതെ മുഴുവനായും ഉപയോഗിക്കപ്പെടും. ഇത് പാചകം വേഗത്തിലാക്കാൻ സഹായിക്കുന്നു.
അടിഭാഗത്തും വശങ്ങളിലും ചെമ്പ് തകിട് ഘടിപ്പിച്ച സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ ചെറിയ തീയിൽ പോലും വേഗത്തിൽ ചൂടാകുകയും ചൂട് ഒരേപോലെ നിലനിർത്തുകയും ചെയ്യും. ഭക്ഷണം തിളച്ചു കഴിഞ്ഞാൽ പിന്നീട് വേവിക്കാൻ ചെറിയ തീ മതിയാകും. വെള്ളത്തിന്റെ അളവ് കൃത്യമായി ഉപയോഗിക്കുന്നതും പാചക സമയം കുറയ്ക്കാൻ സഹായിക്കും.
പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിയുള്ളതും ലോഹങ്ങളുമായി പ്രതിപ്രവർത്തിക്കാത്തതുമാകണം. പുളിയുള്ളതോ ആസിഡ് സ്വഭാവമുള്ളതോ ആയ ഭക്ഷണങ്ങൾ അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യുന്നത് ഒഴിവാക്കണം. അലുമിനിയം ഭക്ഷണത്തിൽ കലരുന്നത് ഓർമ്മക്കുറവ് പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ശരിയായ പാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ഗ്യാസ് ലാഭിക്കുക മാത്രമല്ല, ആരോഗ്യകരമായ പാചകരീതി ഉറപ്പാക്കാനും സാധിക്കും.
What's Your Reaction?