കുട്ടികളുടെ ആരോഗ്യത്തിനായി 104 ൽ വിളിക്കാം; പദ്ധതി മന്ത്രി വീണാ ജോർജ് ലോഞ്ച് ചെയ്യും

കുട്ടികളുടെ ആരോഗ്യത്തിനായി സംസ്ഥാനം വളരെ പ്രാധാന്യം നൽകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു

Feb 5, 2026 - 16:58
Feb 5, 2026 - 16:58
 0
കുട്ടികളുടെ ആരോഗ്യത്തിനായി 104 ൽ വിളിക്കാം; പദ്ധതി മന്ത്രി വീണാ ജോർജ് ലോഞ്ച് ചെയ്യും

കുട്ടികളുടെ ആരോഗ്യ വിവരങ്ങളും പദ്ധതികളും അറിയാനായി 104 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാവുന്നതാണ്. ‘അക്ഷരം ആരോഗ്യം’ സ്‌കൂൾ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പദ്ധതി ലോഞ്ച് ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

കുട്ടികളുടെ ആരോഗ്യത്തിനായി സംസ്ഥാനം വളരെ പ്രാധാന്യം നൽകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. അമേരിക്കയേക്കാൾ കുറഞ്ഞ ശിശുമരണ നിരക്കാണ് കേരളത്തിലുള്ളത്. ഇതിന് കേരളത്തിലെ ആരോഗ്യ സംവിധാനത്തിലെ മികവുൾപ്പെടെ വലിയൊരു ഘടകമാണ്. കുട്ടികളുടെ ചികിത്സയ്ക്കായി നിരവധി പദ്ധതികളാണ് നിലവിലുള്ളത്. അവയെപ്പറ്റി രക്ഷിതാക്കൾക്ക് പല സംശയങ്ങൾ ഉണ്ട്. ഇത്തരം സംശയങ്ങൾ പരിഹരിക്കുന്നതിനും കുട്ടികളുടെ ആരോഗ്യ സംബന്ധമായ സംശയങ്ങൾ പരിഹരിക്കാനുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കുട്ടികളുടെ സൗജന്യ ഹൃദ്രോഗ ചികിത്സയ്ക്ക് ഹൃദ്യം പദ്ധതി, മജ്ജമാറ്റിവയ്ക്കൽ സർജറി, സ്‌കോളിയോസിസ് സർജറി തുടങ്ങിയ സങ്കീർണ ശസ്ത്രക്രിയകൾക്ക് സംസ്ഥാനത്ത് ചികിത്സാ പദ്ധതി നിലവിലുണ്ട്. കൂടാതെ ശ്രുതിതരംഗം, അപൂർവ രോഗ ചികിത്സയ്ക്ക് രാജ്യത്ത് മാതൃകയായ ചികിത്സാ പദ്ധതിയായ കെയർ തുടങ്ങിയ അനേകം പദ്ധതികളും സംസ്ഥാനത്തുണ്ട്. ഇവയെപ്പറ്റിയറിയുന്നതിന് ഈ ടോൾ ഫ്രീ നമ്പർ ഏറെ സഹായിക്കും. ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ് ലൈൻ സംവിധാനമായ ദിശയുടെ ഭാഗമായാണ് പദ്ധതി ആവിഷക്കരിച്ചിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow