ഗാന്ധിയൻ ദർശനത്തെ പുനർവായിക്കുന്ന 'ഇഴകൾക്കപ്പുറം' ഒക്ടോബർ 2-ന് തിയേറ്ററുകളിൽ
ആദർശങ്ങൾ മനുഷ്യന്റെ നന്മയ്ക്കായുള്ളതാണെന്നും മനുഷ്യരെ ആദർശങ്ങൾക്ക് വേണ്ടി ബലികൊടുക്കാനുള്ളതല്ലെന്നുമുള്ള ആശയമാണ് ചിത്രത്തിന്റെ പ്രമേയം.
തിരുവനന്തപുരം: ഗാന്ധിയൻ ദർശനത്തെയും മനുഷ്യബന്ധങ്ങളിലെ ആദർശ-യാഥാർഥ്യ വൈരുധ്യങ്ങളെയും പുനർചിന്തയ്ക്ക് വിധേയമാക്കുന്ന 'ഇഴകൾക്കപ്പുറം' (The Unseen Thread) എന്ന ചിത്രം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തും.
വേണു നായർ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്ത ചിത്രം, വ്യക്തികളെ വിഗ്രഹവൽക്കരിക്കുന്ന പ്രവണതയെയും അതിനപ്പുറമുള്ള മനുഷ്യസത്യങ്ങളെയും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
സ്വന്തം നിലപാടുകളിലും അച്ചടക്കത്തിലും വിട്ടുവീഴ്ചയില്ലാതെ ജീവിക്കുന്ന പ്രായമായ ഗാന്ധിയനായ ഡോ. ആനന്ദ് ശിവന്റെയും, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുന്ന മകളും ഡോക്യുമെന്ററി സംവിധായികയുമായ കാർത്തിയുടെയും ജീവിതത്തിലൂടെയാണ് സിനിമ മുന്നേറുന്നത്. ഇവർക്കിടയിൽ ആദർശങ്ങളും മനുഷ്യബന്ധങ്ങളും തമ്മിൽ സന്തുലിതമാക്കുന്ന പാലമായി ജഗദീഷ് എന്ന കഥാപാത്രം നിലകൊള്ളുന്നു. ആദർശങ്ങൾ മനുഷ്യന്റെ നന്മയ്ക്കായുള്ളതാണെന്നും മനുഷ്യരെ ആദർശങ്ങൾക്ക് വേണ്ടി ബലികൊടുക്കാനുള്ളതല്ലെന്നുമുള്ള ആശയമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിൽ ഡോ. ആനന്ദ് ശിവനായി ദിനേശ് പണിക്കറും, കാർത്തിയായി ഗൗതമിയും, ജഗദീഷായി വഞ്ചിയൂർ പ്രവീൺകുമാറും അഭിനയിക്കുന്നു.
വേണു നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന, സംവിധാനം, നിർമ്മാണം, സംഗീതം, സൗണ്ട് ഡിസൈൻ എന്നിവ നിർവഹിച്ചിരിക്കുന്നത് വേണു നായരാണ്. ജിജോ ജോണി ചെറുവത്തൂർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. പുഷ്പൻ ദിവാകരൻ ഛായാഗ്രഹണവും പ്രദീപ് ചന്ദ്രൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
ശ്രീ ലക്ഷ്മണാചാര്യയുടെ വരികൾക്ക് സരിത രാജീവ് ശബ്ദം നൽകിയ ഗാനങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. അരുൺ രഘു ആനാട് (കല), രാജേഷ് വെള്ളനാട് (ചമയം), ശ്രീജിത്ത് (കോസ്റ്റ്യൂം), അരുൺ നായർ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), അരുൺകുമാർ എം (കളറിസ്റ്റ്) എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ. ചിത്രത്തിന്റെ പി.ആർ.ഒ അജയ് തുണ്ടത്തിലുമാണ്.
What's Your Reaction?



