വീണ്ടും മൈതാനത്ത് മെസ്സി മാജിക്; പ്രതീക്ഷയോടെ ആരാധകരും ഫുട്ബോൾ ലോകവും

May 29, 2026 - 19:03
May 29, 2026 - 19:03
 0
വീണ്ടും മൈതാനത്ത് മെസ്സി മാജിക്; പ്രതീക്ഷയോടെ ആരാധകരും ഫുട്ബോൾ ലോകവും

സുവർണ കിരീടം കൈവിടാതെ വീണ്ടും ലോക ഫുട്ബോളിന്റെ രാജാസനത്തിലേക്ക് അർജന്റീനയുടെ വരവ്. നാല് വർഷം മുൻപ് ഖത്തറിലെ രാത്രി നീല-വെളുപ്പ് സ്വപ്നങ്ങളാൽ നിറച്ച അതേ സംഘമാണ് വീണ്ടും ലോകത്തെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്നത്. ഇത്തവണയും നായകനായി മുന്നിൽ നിൽക്കുന്നത് ഇതിഹാസം ലയണൽ മെസ്സി. കിരീടം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അർജന്റീനയുടെ പോരാട്ടം.

മെസ്സിക്ക് ഇത് ആറാം ലോകകപ്പ്. 2014ൽ കൈവിട്ട കിരീടത്തിന്റെ വേദനയും, 2018ലെ നിരാശയും മറികടന്ന് 2022ൽ ഖത്തറിൽ ലോകത്തെ കീഴടക്കിയ ടീം വീണ്ടും അതേ ആത്മവിശ്വാസത്തോടെ ഇറങ്ങുന്നു. ആരാധകർക്ക് നൽകിയ വാക്ക് പാലിക്കാൻ അവസാന ശ്വാസം വരെ പൊരുതിയ യുവനിര ഇന്നും മെസ്സിക്കൊപ്പം ഉറച്ചുനിൽക്കുന്നു. കോച്ച് ലയണൽ സ്കലോണിയും പഴയ വിശ്വാസം തന്നെയാണ് ആവർത്തിക്കുന്നത്.

ആക്രമണനിരയിൽ ജൂലിയൻ അൽവാരസും ലൗട്ടാറോ മാർട്ടിനസും മെസ്സിയുടെ മാജിക് ഗോളാക്കി മാറ്റാൻ ഒരുങ്ങുന്നു. തിയാഗോ അൽമാഡയും നിക്കോ പാസും യുവത്വത്തിന്റെ കരുത്തായി ടീമിലുണ്ട്. മധ്യനിരയിൽ റോഡ്രിഗോ ഡിപോൾ, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റർ, ലിയാൻഡ്രോ പാരഡെസ് എന്നിവരുടെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസമാണ്. പ്രതിരോധത്തിൽ ക്രിസ്റ്റ്യൻ റൊമേറോയും ലിസാൻഡ്രോ മാർട്ടിനസും കരുത്താകുമ്പോൾ, ഗോൾവല കാക്കാൻ വീണ്ടും എമിലിയാനോ മാർട്ടിനസ് തന്നെയാകും പ്രധാന പ്രതീക്ഷ.

ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീനയുടെ സ്ഥാനം. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളാണ് എതിരാളികൾ. ജൂൺ 17ന് അൾജീരിയക്കെതിരെയാണ് ആദ്യ മത്സരം. പിന്നാലെ ജൂൺ 22ന് ഓസ്ട്രിയയെയും ജൂൺ 28ന് ജോർദാനെയും അർജന്റീന നേരിടും. കിരീടം കൈവിട്ടുകില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി മെസ്സിപ്പട വീണ്ടും ലോക വേദിയിലേക്ക് എത്തുമ്പോൾ, ആരാധകർ കാത്തിരിക്കുന്നത് മറ്റൊരു ഫുട്ബോൾ വിസ്മയത്തിനായാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow