റൊമാന്റിക് ലുക്കിൽ ഇന്ദ്രൻസ് വീണ്ടും ഞെട്ടിക്കുന്നുഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ മനസ്സ് കീഴടക്കുന്ന ഗാനം
മധുബാലയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ചിന്ന ചിന്ന ആസൈ’ റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തിലെ പുതിയ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ്. റൊമാന്റിക് ഭാവത്തിൽ പുറത്തിറങ്ങിയ ഗാനത്തിൽ ഇരുവരുടെയും മനോഹരമായ സ്‌ക്രീൻ കെമിസ്ട്രിയാണ് ശ്രദ്ധ നേടുന്നത്. പതിവിൽ നിന്ന് വേറിട്ട ഒരു കഥാപാത്രത്തിലാണ് ഇന്ദ്രൻസ് എത്തുന്നതെന്ന സൂചനയും ഗാനം നൽകുന്നു.
പ്രേക്ഷക പ്രശംസ നേടിയ ‘എന്റെ നാരായണിക്ക്’ എന്ന ഹ്രസ്വചിത്രത്തിന് ശേഷം സംവിധായിക വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി മധുബാല മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
ഗോവിന്ദ് വസന്തയുടെ ഹൃദയസ്പർശിയായ സംഗീതമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. അൻവർ അലിയുടെ വരികൾക്ക് അഭിജിത് അനിൽകുമാർ നൽകിയ ശബ്ദവും ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്ക് പോസ്റ്ററുകളും മികച്ച പ്രതികരണമാണ് നേടിയത്.
പൂർണമായും വാരണാസിയിൽ ചിത്രീകരിച്ച ‘ചിന്ന ചിന്ന ആസൈ’ ജൂണിൽ തിയേറ്ററുകളിലെത്തും. വികാരങ്ങളും സംഗീതവും പ്രണയവും ഒത്തുചേരുന്ന ഒരു മനോഹര സിനിമാനുഭവമാകും ചിത്രം നൽകുകയെന്ന പ്രതീക്ഷയിലാണ് ആരാധകർ.
What's Your Reaction?



