കോടതി സ്റ്റേ ലംഘിച്ച് ‘ദ കേരള സ്റ്റോറി 2’ ബുക്കിങ്; നിയമനടപടിക്കൊരുങ്ങി ഹർജിക്കാർ
സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് മറികടന്നാണ് അണിയറ പ്രവർത്തകർ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്
കൊച്ചി: ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ നിലനിൽക്കെ, വിവാദ ചിത്രം ‘ദ കേരള സ്റ്റോറി 2’-ന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത് പുതിയ നിയമപോരാട്ടത്തിന് വഴിയൊരുക്കുന്നു. പശ്ചിമ ബംഗാളിലെ തിയേറ്ററുകളിലാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.
സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് മറികടന്നാണ് അണിയറ പ്രവർത്തകർ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഈ നീക്കം കോടതിവിതിയോടുള്ള അനാദരവാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ 'ബുക്ക് മൈ ഷോ' വഴി പശ്ചിമ ബംഗാളിലെ തിയേറ്ററുകളിലാണ് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള ഷോകൾക്കായി ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്.
സിനിമ മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി 15 ദിവസത്തേക്ക് ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേരളത്തെ വർഗീയതയുടെ നാടായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡ് നടപടിയെ കോടതി രൂക്ഷമായി വിമർശിക്കുകയും തീരുമാനം പുനഃപരിശോധിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
കോടതി ഉത്തരവ് നിലനിൽക്കെ ബുക്കിംഗ് ആരംഭിച്ച വിവരം അടിയന്തരമായി ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഹർജിക്കാരുടെ തീരുമാനം. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ആവശ്യത്തിൽ കോടതി വിശദമായ പരിശോധന നടത്തിവരികയാണ്.
What's Your Reaction?