ഡൽഹിയിലെ പൊലീസ് അതിക്രമം: നാളെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; എം.പിമാരെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം
ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെ കേന്ദ്രസേനയും ഡൽഹി പൊലീസും നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ കെ.പി.സി.സി ആഹ്വാനം ചെയ്തു. വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി (സംഘടന) നെയ്യാറ്റിൻകര സനൽ അറിയിച്ചു.
പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത രീതി അത്യന്തം ജനാധിപത്യ വിരുദ്ധവും അപലപനീയവുമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് തുറന്നടിച്ചു. ജനപ്രതിനിധികളെന്ന പരിഗണന പോലും നൽകാതെയാണ് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, എം.എൽ.എ പി.സി. വിഷ്ണുനാഥ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
നീറ്റ് അടക്കമുള്ള ദേശീയ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും ഗുരുതര വീഴ്ചകൾക്കെതിരെയുമാണ് രാജ്യത്തെ യുവജനത തെരുവിലിറങ്ങിയത്. വിദ്യാർഥികളുടെ ന്യായമായ ആശങ്കകളും ആവശ്യങ്ങളും കേൾക്കാൻ പ്രധാനമന്ത്രി ഉടനടി തയാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
What's Your Reaction?



