ഇ.ഡി സംഘത്തെ ആക്രമിച്ച കേസ്: ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: എൽ.ഡി.എഫ് നേതാവിന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ശ്രീജിത്ത്, ദിനീത്, അമൽ, ഷൈജു സലിം, അനിൽകുമാർ, നിഷാദ്, ദിനകർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്.
50 ദിവസത്തിലേറെയായി പ്രതികൾ റിമാൻഡിലാണെന്നും വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയെങ്കിലും ഇതിന് തക്കതായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ, കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കുന്നതിനും അന്വേഷണത്തെ ബാധിക്കുന്നതിനും ഇടയാക്കുമെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാർ ശക്തമായി വാദിച്ചു. ഇ.ഡിയുടെ അഭിഭാഷകനും ജാമ്യാപേക്ഷയെ എതിർത്തു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെ ആക്രമിച്ചത് തികച്ചും ഗൗരവമുള്ള വിഷയമാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. മുമ്പ് ബംഗാളിൽ സമാനമായ ആക്രമണം നടന്നതും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പരിശോധന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ മുന്നൂറിലധികം ആളുകൾ തടിച്ചുകൂടി ആക്രമണം അഴിച്ചുവിട്ടതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും മുൻകൂർ ആസൂത്രണമില്ലാതെ ഇത്രയധികം പേർ സംഘടിക്കാൻ സാധിക്കില്ലെന്നും ഇ.ഡി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
What's Your Reaction?



