തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്. സംസ്ഥാനത്ത് എൽ.ഡി.എഫ് ഭരണം തുടരുമെന്നാണ് പാലോട് രവിയുടെ ഫോൺ സംഭാഷണത്തിൽ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും സംഭാഷണത്തിൽ പാലോട് രവി പറയുന്നു.
പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ടെലിഫോൺ സംഭാഷണമാണ് പുറത്തായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റു പാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകുമെന്നും കോൺഗ്രസ് ഇല്ലാതാകുമെന്നും പാലോട് രവി പറയുന്നു.
ടെലിഫോൺ സംഭാഷണം പുറത്തായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാലോട് രവി. കോൺഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് അത്തരം ഒരു മെസ്സേജ് നൽകിയതെന്ന് പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. ഈ സർക്കാർ മാറണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ പിന്നിലാകും എന്നാണുദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
യു ഡി എഫ് തിരിച്ചു വരാൻ കഴിയുന്ന പ്രവർത്തനം തുടരുകയാണ്. പാർട്ടിക്ക് വലിയ ആത്മ വിശ്വാസം ഉണ്ട്. ടീം വർക്കായിട്ടാണ് വാർഡുകളിൽ പ്രവർത്തിക്കുന്നത്. പ്രാദേശിക ഘടകങ്ങളിലെ ഭിന്നത ഒഴിവാക്കുകയാണ് ലക്ഷ്യം. എങ്കിൽ മാത്രമേ ഒറ്റക്കെട്ടായി സിപിഎം ഭരണത്തെ താഴെ ഇറക്കാൻ കോൺഗ്രസിനെ കൊണ്ട് സാധിക്കുകയുള്ളു. ഒരു പ്രവർത്തകനെ വിളിച്ചപ്പോൾ അവർ പരാതികൾ പറഞ്ഞു. ഭിന്നതകൾ തീർക്കണം എന്നാണ് ഓഡിയോയിൽ പറഞ്ഞതെന്നും പാലോട് രവി പറഞ്ഞു.
താൻ പറഞ്ഞ ഫോൺ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്തതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം മെസേജുകൾ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നൽകുന്നതാണെന്നും പാലോട് രവി പറഞ്ഞു.