മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു; ആക്രമണം കാടുവെട്ട് യന്ത്രം ഉപയോഗിച്ച്
പ്രവീണും മൊയ്തീനും കാടുവെട്ട് തൊഴിലാളികളാണ്

മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ (40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. പ്രവീണിനെ ആക്രമിക്കാൻ മൊയ്തീൻ ഉപയോഗിച്ചത് കാടുവെട്ടുന്ന യന്ത്രമാണ്. പ്രവീണും മൊയ്തീനും കാടുവെട്ട് തൊഴിലാളികളാണ്. ഇരുവരും രാവിലെ ഒരുമിച്ച് ബൈക്കിൽ ജോലിക്ക് പോകുകയായിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ആക്രമണത്തിൽ പ്രവീൺ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മഞ്ചേരി സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കസ്റ്റഡിയിലുള്ള മൊയ്തീനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിൻ്റെ യഥാർഥ കാരണം വ്യക്തമാകും.
What's Your Reaction?






