പാക് വ്യോമാക്രമണം: മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാൻ

അടുത്ത മാസം അഞ്ച് മുതൽ 29 വരെ പാകിസ്ഥാനിൽ നടക്കേണ്ടിയിരുന്ന ഈ പരമ്പരയിൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് പങ്കെടുക്കേണ്ടിയിരുന്നത്

Oct 18, 2025 - 12:48
Oct 18, 2025 - 12:48
 0
പാക് വ്യോമാക്രമണം: മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാനിസ്ഥാൻ

കാബൂൾ: പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതിനെത്തുടർന്ന്, പാകിസ്ഥാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. അടുത്ത മാസം അഞ്ച് മുതൽ 29 വരെ പാകിസ്ഥാനിൽ നടക്കേണ്ടിയിരുന്ന ഈ പരമ്പരയിൽ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് പങ്കെടുക്കേണ്ടിയിരുന്നത്.

അഫ്ഗാനിസ്ഥാനിലെ പാക്തിക പ്രവിശ്യയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഉർഗൂൺ ജില്ലയിൽ വെച്ച് കൊല്ലപ്പെട്ടത് കബീർ, സിബ്‌ഗത്തുള്ള, ഹാരൂൺ എന്നീ പ്രാദേശിക താരങ്ങളാണെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് (ACB) സ്ഥിരീകരിച്ചു.

ആക്രമണത്തെ ശക്തമായി അപലപിച്ച അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്, പാകിസ്ഥാന്റെ നടപടി ഭീരുത്വപരമാണ് എന്ന് ആരോപിച്ചു. ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറാനുള്ള ബോർഡിന്റെ തീരുമാനത്തോട് പൂർണ്ണമായും യോജിക്കുന്നതായി അഫ്ഗാൻ ക്രിക്കറ്റ് ടീം നായകൻ റാഷിദ് ഖാൻ വ്യക്തമാക്കി. പാകിസ്ഥാന്റെ നടപടി പ്രാകൃതമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിർത്തിയിൽ പാക് സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാൻ തിരിച്ചടിച്ച് തുടങ്ങിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചത്. സംഘർഷത്തിൽ ഇരുഭാഗത്തും ആൾനാശമുണ്ടായിരുന്നു. പിന്നീട് ഇരു സൈന്യങ്ങളും 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചത് സംഘർഷങ്ങൾക്ക് അയവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണം സ്ഥിതിഗതികൾ വീണ്ടും രൂക്ഷമാക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow