തിരുവനന്തപുരം: ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നടന്നു. സൗദി അറേബ്യ ഔദ്യോഗികമായി ഹജ്ജ് ക്വാട്ട നിശ്ചയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം സീറ്റുകൾ കണക്കാക്കിയാണ് നറുക്കെടുപ്പ് നടത്തിയിരിക്കുന്നത്.
കേരളത്തിന് 8,530 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഹജ്ജ് പോളിസി പ്രകാരം പ്രഥമ പരിഗണന ലഭിക്കുന്ന കാറ്റഗറിയായ 65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിലെ രണ്ടാമത്തെ കാറ്റഗറിയായ 45 നും 65 നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച 3620 പേരിൽ നറുക്കെടുപ്പിലൂടെ 58 പേരൊഴികെ എല്ലാവർക്കും അവസരം ലഭിച്ചു. ബാക്കിയുള്ള എല്ലാവരുടെയും വെയ്റ്റിങ് ലിസ്റ്റ് ക്രമം നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.
വെയ്റ്റിങ് ലിസ്റ്റിൽ വിതൗട്ട് മെഹ്റം വിഭാഗത്തിലെ ബാക്കിയുള്ളവർക്കായിരിക്കും ആദ്യ പരിഗണന. പിന്നീട് ജനറൽ ബി- ബാക്ക്ലോഗ് (2025 വർഷം അവസരം ലഭിക്കാത്തവർ), ജനറൽ എന്നീ ക്രമത്തിലാണ് അവസരം ലഭിക്കുക. നിലവിൽ 2025 വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് ഇപ്പോൾ പരിഗണന ലഭിച്ചിട്ടില്ല.
നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകും. അപേക്ഷകർക്ക് ലഭിച്ച കവർ നമ്പറുകൾ പ്രകാരമാണ് വിവരങ്ങൾ ലഭ്യമാവുക. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള കുടുതൽ നിർദ്ദേശങ്ങളും വെബ്‌സൈറ്റിലൂടെ ലഭ്യമാകും. തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300 രൂപ 2025 ആഗസ്റ്റ് 20നകം അടക്കേണ്ടതാണ്. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാം. ഓൺലൈനായും പണമടക്കാം. പണമടച്ച രശീതി, മെഡിക്കൽ സ്‌ക്രീനിംഗ് ആന്റ് ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയവയും അനുബന്ധരേഖകളും കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം.
നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തിരഞ്ഞെടുപ്പ് മറ്റൊരറിയിപ്പു കൂടാതെ റദ്ദാക്കുകയും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കുകയും ചെയ്യും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനർമാരുടെ സേവനം 14 ജില്ലകളിലും ലഭ്യമാണ്. ആവശ്യമായ നിർദ്ദേശങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടാമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഫോൺ: 0483-2710717, 2717572, 8281211786. വിവരങ്ങൾക്ക് താഴെ പറയുന്ന ജില്ലാ ട്രൈനിങ് ഓർഗനൈസർമാരുടെ നമ്പറുകളിൽ വാട്സ്ആപ്പിലൂടെയും ബന്ധപ്പെടാം.
ജില്ലാ ട്രൈനിങ് ഓർഗനൈസർമാരുടെ നമ്പറുകൾ:
തിരുവനന്തപുരം- മുഹമ്മദ് യൂസഫ് 9895648856
കൊല്ലം- നിസാമുദ്ധീൻ ഇ 9496466649
പത്തനംതിട്ട- നാസർ എം 9495661510
ആലപ്പുഴ- മുഹമ്മദ് ജിഫ്രി സി.എ. 9495188038
കോട്ടയം- ശിഹാബ് പി.എ 9447548580
ഇടുക്കി- അജിംസ് കെ.എ. 9446922179
എറണാകുളം- നവാസ് സി.എം. 9446206313
തൃശ്ശൂർ- ഡോ. സുനിൽ ഫഹദ് 9447136313
പാലക്കാട്- ജാഫർ കെ.പി 9400815202
മലപ്പുറം- മുഹമ്മദ് റഊഫ് യു. 9656206178, 9446631366, 9846738287
കോഴിക്കോട്- നൗഫൽ മങ്ങാട് 8606586268, 9495636426
വയനാട്- ജമാലുദ്ധീൻ കെ 9961083361
കണ്ണൂർ- നിസാർ എം.ടി 8281586137
കാസറഗോഡ്- മുഹമ്മദ് സലീം കെ.എ 9446736276