മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കം; നാളെ ബഹ്റൈനില്‍ പ്രവാസി മലയാളി സംഗമത്തില്‍ പങ്കെടുക്കും

ബഹ്റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്

Oct 16, 2025 - 08:00
Oct 16, 2025 - 08:01
 0
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കം; നാളെ ബഹ്റൈനില്‍ പ്രവാസി മലയാളി സംഗമത്തില്‍ പങ്കെടുക്കും

ദുബായ്: മുഖ്യമന്ത്രിയുടെ ഗൾഫ് രാജ്യങ്ങളിലെ ഔദ്യോഗിക പര്യടനത്തിന് തുടക്കമായി. രാത്രിയോടെ ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ (ഒക്ടോബര്‍ 17) ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന 'പ്രവാസി മലയാളി സംഗമത്തിലാണ്' മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

എന്നാൽ, ബഹ്റൈനിലെ പ്രതിപക്ഷ സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബഹ്റൈനിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം 24നും 25നും മുഖ്യമന്ത്രി ഒമാനിലെത്തും. 26 വർഷങ്ങൾക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഒമാനിൽ എത്തുന്നത് എന്ന പ്രത്യേകത ഈ സന്ദർശനത്തിനുണ്ട്.

മസ്‌കത്തിലെ അമിറാത്ത് പാർക്കിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് - കേരളാ വിഭാഗം സംഘടിപ്പിക്കുന്ന 'ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിൽ' മുഖ്യമന്ത്രി മുഖ്യാതിഥിയാകും. മറ്റ് ഗൾഫ് രാജ്യങ്ങളിലെ പര്യടനം ഇപ്രകാരം- ഒക്ടോബർ 30-ന് ഖത്തറിലെത്തും, അടുത്ത മാസം (നവംബർ)ഏഴിന് കുവൈത്തിൽ. അടുത്ത മാസം ഒന്‍പതിന് യുഎഇയിൽ.

മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യുഎഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും പ്രതിപക്ഷ സംഘടനകൾക്ക് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനം നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ പ്രത്യക്ഷ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാവില്ലെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരുക്കമായി ഈ വിദേശ പര്യടനം മാറും. ചുരുക്കത്തിൽ, പ്രവാസ ലോകത്തും തെരഞ്ഞെടുപ്പ് ചൂട് അടുക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow