കൊച്ചി: നടൻ ദുൽഖർ സൽമാന്‍റെ വേഫെറര്‍ ഫിലിംസിന്‍റെ പേരിൽ കാസ്റ്റിങ് കൗച്ചിന് ഇരയായെന്ന പരാതിയുമായി യുവതി. കേസിൽ ചീഫ് അസോസിയേറ്റ് ഡയറക്റ്റർ ദിനിൽ ബാബുവിനെതിരെ കേസെടുത്തു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിൽ ഉള്ള നിർമാണ കമ്പനിയായ വേഫറെർ ഫിലിംസിന്റെ സിനിമയിൽ അഭിനയിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി യുവതിയെ അപമാനിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
പരാതിയെ തുടർന്ന് വേഫെറര്‍ ഫിലിംസ് ദിനില്‍ ബാബുവിനെതിരെ തേവര പോലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നൽകി. കാസ്റ്റിങ് കൗച്ചിന്റെ പേരിൽ വേഫെറര്‍ ഫിലിംസിനെ അപകീർത്തിപ്പെടുത്തിയതിനാണ് ദിനിൽ ബാബുവിനെതിരെ പരാതി നൽകിയത്. ദിനില്‍ ബാബുവുമായി യാതൊരു ബന്ധവും ഇല്ലെന്നും വേഫെററിന്‍റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ലെന്നും വേഫെറര്‍ ഫിലിംസ് വ്യക്തമാക്കി.
വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം ആരംഭിക്കുന്നെണ്ടെന്നും അതിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാം എന്ന ആവശ്യവുമായി തന്നെ ദിനിൽ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറിൽ ഉള്ള വേഫേററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിൽ വരാനാണ് ആവശ്യപ്പെട്ടത് എന്നും യുവതി വെളിപ്പെടുത്തി. പ്രൊഡക്ഷൻ ടീമും വനിതകളായ ജീവനക്കാരും ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് വേഫെറർ ഫിലിംസിന് അടുത്തുള്ള മുറിയിലേക്ക് ദിനിൽ തന്നെ വിളിച്ചു വരുത്തിയതെന്നും പിന്നീട് ആക്രമിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
അതേസമയം വേഫെറര്‍ ഫിലിംസിന്റെ കാസ്റ്റിങ് കോളുകൾ ദുൽഖർ സൽമാന്റെയോ വേഫെറര്‍ ഫിലിംസിന്റെയോ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്ത് വരൂ എന്നും മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിങ് കോളുകൾ കണ്ട് വഞ്ചിതരാകരുതെന്നും കമ്പനി വ്യക്തമാക്കി.