സൂര്യകുമാർ യാദവിനെതിരെ വിവാദ പരാമർശം; നടി ഖുഷി മുഖർജിക്കെതിരെ 100 കോടിയുടെ അപകീർത്തി കേസ്
പരാമർശം വിവാദമായതോടെ സൂര്യയുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്ന് പറഞ്ഞ് നടി മലക്കം മറിഞ്ഞു
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ബോളിവുഡ് നടി ഖുഷി മുഖർജിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസൻ അൻസാരിയാണ് ഖുഷിക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയത്.
ഒരു റിയാലിറ്റി ഷോയ്ക്കിടെ സൂര്യകുമാർ യാദവ് തനിക്ക് നിരന്തരം സന്ദേശങ്ങൾ അയക്കാറുണ്ടെന്നും എന്നാൽ ഒരു ക്രിക്കറ്റ് താരത്തെ ഡേറ്റ് ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നും ഖുഷി മുഖർജി അവകാശപ്പെട്ടിരുന്നു. പരാമർശം വിവാദമായതോടെ സൂര്യയുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്ന് പറഞ്ഞ് നടി മലക്കം മറിഞ്ഞു. നടിയുടെ അവകാശവാദങ്ങൾ തികച്ചും വ്യാജമാണെന്നും ലോകം ആദരിക്കുന്ന ഒരു കായിക താരത്തെ അപകീർത്തിപ്പെടുത്താനാണ് നടി ശ്രമിച്ചതെന്നും കാണിച്ച് ഫൈസൻ അൻസാരി ഖാസിപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഖുഷിക്കെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഫൈസൻ ആവശ്യപ്പെട്ടു.
തനിക്കെതിരെ ഉയർന്ന വിവാദ പരാമർശങ്ങളിൽ സൂര്യകുമാർ യാദവ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടി20 ലോകകപ്പിന് മുന്നോടിയായി ഈ മാസം 21-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ. തന്റെ പ്രശസ്തിക്കായി ഒരു സെലിബ്രിറ്റിയെ മോശമായി ചിത്രീകരിക്കുന്നത് അനുവദിക്കില്ലെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും ഫൈസൻ അൻസാരി വ്യക്തമാക്കി.
What's Your Reaction?